കോവിഡ് വാക്സിൻ കുത്തിവയ്പ്പിന് കേരളം സുസജ്ജം

2021-01-15 20:27:38

മന്ത്രി കെ.കെ. ശൈലജ ടീച്ചർ കണ്ണൂർ ജില്ലാ ആശുപത്രി സന്ദർശിക്കും

സംസ്ഥാനത്തെ കോവിഡ്-19 വാക്സിൻ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളായി. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതവും ഉണ്ടാകും. ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങൾ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജൻസികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എൻ.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്സിനേഷൻ യാഥാർത്ഥ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ്

വാക്സിനേഷൻ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശ്ശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ലോഞ്ചിംഗ് ദിനത്തിൽ ടൂവേ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഏർപ്പെടുത്തി. നേരിട്ട് സംവദിക്കാനാണ് ടൂവേ കമ്മ്യൂണിക്കേഷൻ സംവിധാനം ഏർപ്പെടുത്തിയത്. ഇതിൽ എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി സംവദിക്കുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മന്ത്രി കെ.കെ. ശൈലജ ടീച്ചർ കണ്ണൂർ ജില്ലാ ആശുപത്രി സന്ദർശിക്കും.

സംസ്ഥാനത്തെത്തിയത് 4,33,500 ഡോസ് വാക്സിനുകൾ

സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂർ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂർ 32,650, കാസർഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്സിനുകൾ ജില്ലകളിൽ വിതരണം ചെയ്തിട്ടുണ്ട്.

ഒരുക്കങ്ങൾക്ക് പ്രൊഫഷണൽ മാനേജ്മെന്റ്

വാക്സിനേഷന്റെ മികച്ച സംഘാടനത്തിന് പ്രൊഫഷണൽ മാനേജ്മെന്റ് സമ്പ്രദായമാണ് നടപ്പിലാക്കിയത്. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന സ്റ്റേറ്റ് സ്റ്റിയറിംഗ് കമ്മിറ്റി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നേതൃത്വം നൽകുന്ന സ്റ്റേറ്റ് ടാക്സ് ഫോഴ്സ്, സ്റ്റേറ്റ് കൺട്രേൾ റൂം, ജില്ലാ തലത്തിൽ ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന ജില്ലാ ടാക്സ് ഫോഴ്സ്, ജില്ലാ കൺട്രോൾ റൂം, ബ്ലോക്ക് തലത്തിൽ മെഡിക്കൽ ഓഫീസർ നേതൃത്വം നൽകുന്ന ബ്ലോക്ക് ടാക്സ് ഫോഴ്സ്, ബ്ലോക്ക് കൺട്രോൾ റൂം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

വാക്സിനേഷൻ കേന്ദ്രമിങ്ങനെ

ഓരോ വാക്സിനേഷൻ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിങ്ങനെ 3 മുറികളാണുണ്ടാകുക. വാക്സിനേഷനായി 5 വാക്സിനേഷൻ ഓഫീസർമാർ ഉണ്ടാകും. വാക്സിൻ എടുക്കാൻ വെയിറ്റിംഗ് റൂമിൽ പ്രവേശിക്കും മുമ്പ് ഒന്നാമത്തെ ഉദ്യോഗസ്ഥൻ ഐഡന്റിറ്റി കാർഡ് വെരിഫിക്കേഷൻ നടത്തും. പോലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫെൻസ്, എൻ.സി.സി. എന്നിവരാണ് ഈ സേവനം ചെയ്യുന്നത്. രണ്ടാമത്തെ ഉദ്യോഗസ്ഥൻ കോ വിൻ ആപ്ലിക്കേഷൻ നോക്കി വെരിഫൈ ചെയ്യും. ക്രൗഡ് മാനേജ്മെന്റ്, ഒബ്സർവേഷൻ മുറിയിലെ ബോധവത്ക്കരണം, എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്ഥർ നിർവഹിക്കുന്നതാണ്. വാക്സിനേറ്റർ ഓഫീസറാണ് വാക്സിനേഷൻ എടുക്കുന്നത്.

നൽകുന്നത് 0.5 എം.എൽ. കോവീഷീൽഡ് വാക്സിൻ

ഓരോ ആൾക്കും 0.5 എം.എൽ. കോവീഷീൽഡ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നൽകുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാൽ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നൽകുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.

ഒരാൾക്ക് 4 മിനിറ്റ് മുതൽ 5 മിനിറ്റ് വരെ

ആദ്യ ദിവസം ഒരു കേന്ദ്രത്തിൽ നിന്നും 100 പേർക്കാണ് വാക്സിൻ നൽകുന്നത്. രാവിലെ 9 മണി മുതൽ 5 മണിവരെയാണ് വാക്സിൻ നൽകുക. ലോഞ്ചിംഗ് ദിവസം ഉദ്ഘാടനം മുതലാണ് വാക്സിൻ തുടങ്ങുക. രജിസ്റ്റർ ചെയ്ത ആളിന് എവിടെയാണ് വാക്സിൻ എടുക്കാൻ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവർ വാക്സിനേഷൻ കേന്ദ്രത്തിലെത്തേണ്ടത്. വാക്സിൻ നൽകാൻ ഒരാൾക്ക് 4 മിനിറ്റ് മുതൽ 5 മിനിറ്റ് വരെ സമയമെടുക്കും.

ഒബ്സർവേഷൻ നിർബന്ധം

വാക്സിൻ എടുത്തു കഴിഞ്ഞാൽ 30 മിനിറ്റ് നിർബന്ധമായും ഒബ്സർവേഷനിലിരിക്കണം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥൻ ബോധവത്ക്കരണം നൽകും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിൽ പോലും അത് പരിഹരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള നടപടികൾ അപ്പോൾ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിർബന്ധമാക്കുന്നത്.

10 ശതമാനം വേസ്റ്റേജ്

കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശമനുസരിച്ച് വാക്സിനേഷനിൽ 10 ശതമാനം വേസ്റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. പരമാവധി വേസ്റ്റേജ് കുറച്ച് വാക്സിൻ നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ലഭിച്ച വാക്സിന്റെ പകുതി സ്റ്റോക്ക് ചെയ്യാൻ ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് ഉടൻ ലഭിക്കുന്ന ബാക്കി വാക്സിന്റെ കണക്കുകൂടി നോക്കിയാകും ബാക്കിയുള്ളത് വിതരണം ചെയ്യുന്നത്.

തിരുവനന്തപുരം ജില്ലയിലെ ആശുപത്രികൾ

തിരുവനന്തപുരം ജില്ലയിൽ 11 വാക്സിൻ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം ജില്ലയിൽ ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രം, ജില്ല ആയുർവേദ ആശുപത്രി വർക്കല, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കിംസ് ആശുപത്രി, നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് വാക്‌സിൻ കേന്ദ്രങ്ങളുള്ളത്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.