കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറും: മുഖ്യമന്ത്രി

2021-02-16 12:58:30

 തിരുവനന്തപുരം  : കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ശൃംഖലയായി കെ ഫോണ്‍ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
35000 കിലോമീറ്റര്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ് സ്ഥാപിക്കുന്നത്. കേരളത്തിലെ 30,000 സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 10 എംബിപിഎസ് മുതല്‍ ഒരു ജിബിപിഎസ് വരെ വേഗത നെറ്റ്കണക്ഷന് ലഭിക്കും. ഇതോടൊപ്പം ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി വീടുകളിലും എത്തിക്കുകയാണ്.
ലോകത്ത് ഏറ്റവും വലിയ ഡിജിറ്റല്‍ അന്തരമുള്ള രാജ്യമാണ് ഇന്ത്യ. കേരളത്തില്‍ ഡിജിറ്റല്‍ അന്തരം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് കെ ഫോണിലൂടെ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനം കേരള ജനതയുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

കെ ഫോണ്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സര്‍ക്കാര്‍ സംവിധാനങ്ങളായ ഇ ഹെല്‍ത്ത്, ഇ എഡ്യൂക്കേഷന്‍, മറ്റു ഇ സര്‍വീസുകള്‍ എന്നിവയ്ക്ക് കൂടുതല്‍ ബാന്‍ഡ്വിഡ്ത് നല്‍കി ക്ഷമത വര്‍ധിപ്പിക്കാനാവും. ഉയര്‍ന്ന നിലവാരത്തിലുള്ള നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കാനും സാധിക്കും. കെ ഫോണ്‍ പദ്ധതി സുതാര്യമായാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഴു ജില്ലകളിലെ ആയിരം സര്‍ക്കാര്‍ ഓഫീസുകളിലാണ് ആദ്യ ഘട്ടത്തില്‍ കണക്ടിവിറ്റി ലഭിക്കുന്നത്.

വിവര സാങ്കേതിക വിദ്യ വളരെ പുരോഗമിച്ച കാലത്തും പത്തു ശതമാനത്തില്‍ താഴെ സര്‍ക്കാര്‍ ഓഫീസുകളെയാണ് സ്റ്റേറ്റ് നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുമായുള്ള ബന്ധം ഇതിലും കുറവാണ്. ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡിലേക്ക് ഭൂരിഭാഗം വീടുകളും മാറിയിരുന്നില്ല. കെ ഫോണിന്റെ വരവോടെ ഇതിന് അറുതിയാവുകയാണ്. ഐ. ടി ഹബ് ആയും നോളജ് എക്കണോമിയായും വളരാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ശക്തമായ അടിത്തറയാണ് ഇതിലൂടെ ഒരുങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.