ടിസിഎസ് ഡിജിറ്റൽ ഹബ്ബിന് ധാരണാപത്രം ഒപ്പിട്ടു; 20,000 പേർക്ക് തൊഴിൽ, 1500 കോടി രൂപ നിക്ഷേപം

2021-02-20 13:02:09

തിരുവനന്തപുരം:തിരുവനന്തപുരത്തെ ടെക്നോസിറ്റിയിൽ ടാറ്റ കൺസൾട്ടൻസി സർവ്വീസസ്  (ടിസിഎസ്) 1500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന ഐടി-ഡിജിറ്റൽ ഹബ്ബ് സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ഒപ്പുവെച്ചു. പദ്ധതി പൂർത്തിയാകുമ്പോൾ 20,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ 5,000 പേർക്ക് ജോലി ലഭിക്കും. ആദ്യഘട്ടം 22-28 മാസത്തിനകം പൂർത്തിയാക്കാനാണ് ടിസിഎസ് ഉദ്ദേശിച്ചിട്ടുള്ളത്.

ടിസിഎസ് വൈസ് പ്രസിഡന്റ് ദിനേഷ് തമ്പിയും ടെക്നോപാർക്ക് സി.ഇ.ഒ ശശി പിലാച്ചേരി മീത്തലുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ടിസിഎസ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ എൻ.ജി സുബ്രഹ്‌മണ്യവും ചടങ്ങിൽ സംബന്ധിച്ചു. കേരളത്തിന്റെ ഐടി രംഗത്ത് വലിയ മാറ്റത്തിന് ടിസിഎസിന്റെ പദ്ധതി തുടക്കമിടുമെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ വൻകിട കമ്പനികൾ പലതും അവരുടെ വികസനപദ്ധതികൾ മാറ്റിവെയ്ക്കുന്ന സാഹചര്യത്തിലാണ് ടിസിഎസ് കേരളത്തിൽ മുതൽമുടക്കാൻ തയ്യാറായത്. ഇത് അഭിനന്ദനാർഹമാണ്. ടിസിഎസ്സിനെപോലെ യശസ്സുള്ള ഒരു വൻകിട കമ്പനി കേരളത്തിൽ വരുന്നത് ചെറുതും വലുതമായ ഒരുപാട് കമ്പനികൾ ഇവിടേക്ക് വരുന്നതിന് പ്രചോദനമാകുമെന്ന് സർക്കാർ കരുതുന്നു.

ടിസിഎസ്സിന്റെ പദ്ധതിക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകും. ആവശ്യമായ അനുമതികൾ സമയബന്ധിതമായി ലഭ്യമാക്കും. കേരളത്തെ വിജ്ഞാനസമ്പദ്ഘടനയാക്കി മാറ്റുന്നതിനുള്ള നടപടികൾ വിവിധ തലങ്ങളിൽ ആരംഭിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തും വലിയ മാറ്റത്തിനാണ് സർക്കാർ തയ്യാറാകുന്നത്. കേരളം ആഗ്രഹിക്കുന്ന വിജ്ഞാനസമൂഹം സൃഷ്ടിക്കുന്നതിന് ടിസിഎസ്സിന്റെ ഈ പദ്ധതി സഹായകരമാകും.
എയ്റോസ്പെയ്സ്, പ്രതിരോധം, നിർമാണം എന്നീ മേഖലകൾക്കാവശ്യമായ നൂതന സാങ്കേതികവിദ്യകൾ പ്രദാനം ചെയ്യുന്ന പദ്ധതിയാണ് ടിസിഎസ് വിഭാവനം ചെയ്തിട്ടുള്ളത്. റൊബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷിൻ ലേണിംഗ്, ഡാറ്റ അനലറ്റിക്സ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നിവയിലൂന്നി ഉൽപ്പന്നങ്ങളുടെ വികസനവും അതുമായി ബന്ധപ്പെട്ട സേവനവുമാണ് ഇതിൽ പ്രധാനം.

ടെക്നോളജി സ്റ്റാർട്ടപ്പുകൾക്കുവേണ്ടി ഒരു ഇൻക്യൂബേറ്റർ സെന്റർ സ്ഥാപിക്കാനും ടിസിഎസ് ഉദ്ദേശിക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകൾ വളർത്തിയെടുക്കുന്നതിലും അവയെ പ്രോത്സാഹിപ്പിക്കുന്നതിലും കേരളത്തിന് മികച്ച സ്ഥാനമാണുള്ളത്. ടിസിഎസ് തുടങ്ങുന്ന ഇൻക്യൂബേറ്റർ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണയാവുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ടിസിഎസ്സിന്റെ ഐടി ഹബ്ബ് പദ്ധതിക്ക് മുഖ്യമന്ത്രി നൽകിയ പിന്തുണയ്ക്ക് എൻ.ജി.സുബ്രഹ്‌മണ്യം നന്ദി പ്രകടിപ്പിച്ചു. കേരളത്തിന് ഏറ്റവും അഭിമാനിക്കാവുന്ന പദ്ധതിയായി ഇതിനെ മാറ്റുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ആദ്യഘട്ടത്തിന്റെ നിർമാണം ഉടനെ ആരംഭിക്കും.

നിശ്ചിത സമയത്തിനു മുമ്പ് തന്നെ ഇത് പൂർത്തിയാക്കാൻ കഴിയും. കേരളത്തിലെ പദ്ധതി കമ്പനിതലത്തിൽ പ്രഖ്യാപിച്ചപ്പോൾ ടിസിഎസ്സിലെ മലയാളികളായ ഐടി പ്രൊഫഷണലുകളിൽ നിന്ന് വലിയ പ്രോത്സാഹനമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയും സംസാരിച്ചു. ഐടി സെക്രട്ടറി മുഹമ്മദ് വൈ. സഫറുള്ള സ്വാഗതം പറഞ്ഞു. ടിസിഎസ് അഡൈ്വസർ എം. മാധവൻ നമ്പ്യാരും സംബന്ധിച്ചു. കേരളത്തിൽ ഐടി മേഖലയിൽ ഏറ്റവും അധികം പേർക്ക് ജോലി നൽകുന്ന കമ്പനിയാണ് ടിസിഎസ്. ഇപ്പോൾ 15,000 പേർ കേരളത്തിലെ ടിസിഎസ് സെന്ററുകളിൽ ജോലി ചെയ്യുന്നുണ്ട്.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.