കുറഞ്ഞനിരക്കിൽ കാൻസർ മരുന്നുകൾ; ഓങ്കോളജി പാർക്ക് ശിലാസ്ഥാപനം നിര്‍വഹിച്ചു

2021-02-23 16:08:03

സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കിൽ ക്യാൻസറിനുള്‍പ്പെടെയുള്ള മരുന്നുകൾ ലഭ്യമാക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം:ആലപ്പുഴ പാതിരപ്പള്ളി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന്റെ (കെ എസ് ഡി പി ) വികസനത്തിലെ നാഴികക്കല്ലായ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇഞ്ചക്ഷൻ പ്ലാന്റും നിര്‍മാണം ആരംഭിക്കുന്ന ഓങ്കോളജി പാര്‍ക്കും പ്രവർത്തനക്ഷമമാകുന്നതോടെ സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കിൽ ക്യാൻസറിനുള്‍പ്പെടെയുള്ള മരുന്നുകൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാതിരപ്പള്ളിയിലെ കെ.എസ്.ഡി.പിയില്‍ നിർമ്മാണം പൂർത്തിയായ നോൺ ബീറ്റാലാക്ടം ഇൻജക്ഷൻ പ്ലാന്റിന്റെ ഉദ്ഘാടനവും 2020-21 വർഷത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ച ഓങ്കോളജി ഫാർമ പാർക്കിന്റെ ശിലാസ്ഥാപനവും ഫാക്ടറി അങ്കണത്തില്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

50 കോടി രൂപ മുതൽ മുടക്കിയാണ് ഇഞ്ചക്ഷൻ പ്ലാൻറ് നിർമ്മിച്ചത്. ഈ പ്ലാന്റില്‍ വര്‍ഷത്തില്‍ 3.5 കോടി ആംപ്യൂളുകള്‍, 1.30 കോടി വയല്‍സ്, 1.20 കോടി എൽ.വി.പി മരുന്നുകൾ (ഉയര്‍ന്ന അളവിലുള്ള മരുന്ന് ബോട്ടിലുകള്‍),88 ലക്ഷം തുള്ളിമരുന്നുകള്‍(ഒഫ്താല്‍മിക്) എന്നിവ ഉല്‍പ്പാദിപ്പിക്കും. പാരസെറ്റാമോള്‍, ഡെക്സ്ട്രോസ്, സലൈന്‍ എന്നിങ്ങനെയുള്ള 14 ഇനം മരുന്നുകളും പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

ക്യാൻസർ രോഗത്തിന് ദീർഘകാലം മരുന്ന് ആവശ്യമാണ്. എന്നാൽ ഇതിന്റെ സാമ്പത്തിക ബാധ്യത സാധാരണക്കാർക്ക് താങ്ങാനാവാത്ത സ്ഥിതിയാണ്. കുറഞ്ഞ നിരക്കില്‍ ക്യാന്‍സര്‍ മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച് പൊതുജനത്തിന് എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 105 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്നും മുതൽ മുടക്കിയാണ് ഓങ്കോളജി പാർക്ക് പ്രത്യേക സംവിധാനമായി ഒരുക്കുന്നത്. 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓങ്കോളജി പാര്‍ക്ക് പദ്ധതി യാഥാർഥ്യമാകുന്നതോടെ ശരാശരി 300എം.ജി ഡോസ്സേജുള്ള 60 ദശലക്ഷം ടാബ്ലെറ്റും ശരാശരി 350എം.ജി ഡോസ്സേജുള്ള 45 ദശലക്ഷം ക്യാപ്റ്റളുകളും 5എം.എല്‍ മുതലുള്ള 0.9 ദശലക്ഷം യൂണിറ്റ് ഇൻജക്ഷൻ മരുന്നുകളും ഉൽപാദിപ്പിക്കാൻ സാധിക്കും. ഇതോടെ കെ.എസ്.ഡി.പി, ക്യാന്‍സര്‍ മരുന്ന് നിര്‍മാണ രംഗത്ത് നിര്‍ണായക സ്ഥാനത്തേക്ക് ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. പൂട്ടലിന്റെ വക്കില്‍ നിന്നാണ് കെ.എസ്.ഡി.പിയെ ലാഭത്തിലെത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം 14.23 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭത്തിലേക്ക് സ്ഥാപനം എത്തി. സാധാരണക്കാര്‍ക്ക് മരുന്ന് 30 ശതമാനം മുതല്‍ 70 ശതമാനം വരെ വിലകുറച്ച് വില്‍ക്കാന്‍ കെ.എസ്.ഡി.പി വഴി സാധ്യമാകുമെന്ന് ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ 250 കോടി രൂപ കെ.എസ്.ഡി.പിയ്ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചതായി പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പടെ നീങ്ങുമ്പോള്‍ അതിന് ബദല്‍ നയങ്ങള്‍ വിജയകരമായി നടപ്പാക്കുന്ന രാഷ്ട്രീയമാണ് കേരളത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.തൊഴിലാളികളുടെ ആത്മാര്‍ത്ഥമായ സഹകരണവും മന്ത്രി ആവശ്യപ്പെട്ടു. ഓങ്കോളജി പാര്‍ക്ക് കൂടി പൂര്‍ത്തിയാകുമ്പോള്‍ കെ.എസ്.ഡി.പി.യുടെ വിറ്റുവരവ് 800 കോടിയിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

ഒഫ്താല്‍മിക് സ്റ്റേഷന്റെ കമ്മീഷനിങ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. എല്‍.വി.പി ബ്ലോ-ഫില്‍-സീല്‍ സ്റ്റേഷന്റെ കമ്മീഷനിങ് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരനും എസ്.വി.പി. വയല്‍ ഫില്ലിങ് സ്റ്റേഷന്റെ കമ്മീഷനിങ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമനും നിര്‍വഹിച്ചു. എച്ച്.വി.എ.സി പ്ലാന്റ് സ്വിച്ച് ഓണ്‍ എ.എം.ആരിഫ് എം.പി നിര്‍വഹിച്ചു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.