ലഹരി മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി സാധ്യമായി: മന്ത്രി ടി.പി. രാമകൃഷ്ണൻ

2021-02-24 15:06:11

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ ആധുനീകരണത്തോടെ സംസ്ഥാനത്തെ ലഹരി മാഫിയയ്‌ക്കെതിരേ ശക്തമായ നടപടി സാധ്യമായതായി എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. അംഗബലവും വനിതാ പ്രാതിനിധ്യവും കൂട്ടി വകുപ്പിനെ കാര്യക്ഷമമാക്കാൻ കഴിഞ്ഞതു സർക്കാരിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ആര്യനാട് എക്‌സൈസ് റേഞ്ച് ഓഫിസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവർജ്ജന ക്യാമ്പയിനിന് നേതൃത്വം നൽകാൻ സർക്കാരിനു കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യവകുപ്പുമായി ചേർന്ന് എല്ലാ ജില്ലകളിലും ഡീ-അഡിക്ഷൻ സെന്ററുകൾ ആരംഭിച്ച ശേഷം 38,000 പേർ ഈ സെന്ററുകളിൽ ചികിത്സ തേടിയത് വകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത അധ്യക്ഷത വഹിച്ചു.
2007 ലാണ് ആര്യനാട് എക്‌സൈസ് ഓഫിസ് ആരംഭിച്ചത്. വാടകക്കെട്ടിടത്തിൽ ആയിരുന്ന ഓഫിസിന് ഉഴമലയ്ക്കൽ പഞ്ചായത്തിന്റ ഉടമസ്ഥതയിലുണ്ടായിരുന്ന 13 സെന്റ് സ്ഥലം ലഭിച്ചതോടെയാണു പുതിയ ഓഫിസ് മന്ദിരം സജ്ജമയാത്. 75 ലക്ഷം രൂപ ചെലവിൽ 1500 ചതുരശ്ര അടി വിസ്തീർണത്തിലാണു പുതിയ മന്ദിരം.
ഉദ്ഘാടന ചടങ്ങിൽ എക്‌സൈസ് കമ്മിഷണർ എസ്. അനന്ദകൃഷ്ണൻ, അഡീഷണൽ എക്‌സൈസ് കമ്മീഷണർ ഡി. രാജീവ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. റഹിം, മറ്റു ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, എക്‌സൈസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.