കോവിഡ് വാക്സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും- മുഖ്യമന്ത്രി

2021-02-24 15:40:16

തിരുവനന്തപുരം: കോവിഡ് വാക്സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ പേർക്ക് കഴിയുന്നത്ര വേഗത്തിൽ വാക്സിൻ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്തെ വിദഗ്ധരുമായി ആശയവിനിമയത്തിന്റെ ഭാഗമായി നവകേരളം ‘സി.എം കൺസൾട്ട്’ പരിപാടിയിൽ അഭിപ്രായങ്ങൾ കേട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധത്തിൽ കേരളം ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. നമ്മുടെ നാടിനെ കുറ്റം പറഞ്ഞിരുന്നവർ കോവിഡ് മഹാമാരി വന്നപ്പോൾ നാട്ടിലേക്ക് വരുന്നതാണ് നല്ലത് എന്ന് ചിന്തിച്ചത് നമ്മുടെ ആരോഗ്യമേഖലയുടെ പ്രത്യേകത മൂലമാണ്.

ആ മേഖലയെ കാലാനുസൃതമായി ശക്തിപ്പെടുത്താൻ നമുക്ക് കഴിഞ്ഞു.
കേരളത്തിൽ കൂടുതൽ പേർ കോവിഡ് ബാധിക്കാത്തവരായുള്ളവരാണ്. ഈ സാഹചര്യത്തിൽ വാക്സിനേഷൻ വേഗത്തിലാക്കേണ്ടത് അനിവാര്യമാണ്. എന്നാൽ കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭ്യമാകുന്നതിന് അനുസരിച്ചേ നമുക്ക് വാക്സിനേഷൻ നടത്താനാകൂ. ഇത് കൂടുതൽ ലഭ്യമാക്കാൻ ശ്രമങ്ങളുണ്ടാകും. ആരോഗ്യരംഗത്തെ സൗകര്യങ്ങൾ പടിപടിയായി വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനസികാരോഗ്യ സംരക്ഷണ വിഷയത്തിൽ കൂടുതൽ മുന്നോട്ടുപോകേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് പരിഗണിക്കും. സമൂഹത്തിന്റെ കാഴ്ചപ്പാടും മാറണം. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്.

അവയവദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാനും ശ്രമം നടന്നിട്ടുണ്ട്. ഇക്കാര്യത്തിൽ പരമ്പരാഗതമായ ചിന്താഗതികൾ മാറണം. കൂടാതെ എന്തും വിവാദമാക്കുന്ന പ്രവണതയുമുണ്ട്. കൗമാരക്കാരുടെ മാനസികാരോഗ്യ കാര്യത്തിലും കുട്ടികളുടെ കാര്യങ്ങളിലും പ്രത്യേക പരിഗണന നൽകും.
മാലിന്യനിർമാർജനത്തിൽ മുന്നേറാനായിട്ടുണ്ട്. എന്നാൽ പൂർണനിലയിൽ ഇനിയും എത്താനുണ്ട്. തദ്ദേശസ്ഥാപനങ്ങളും നല്ല പങ്ക് വഹിക്കുന്നുണ്ട്. ആരോഗ്യരംഗത്തെ മാലിന്യ നിർമാർജനം വികേന്ദ്രീകൃതമായി ചെയ്യുന്നുണ്ട്. ആരോഗ്യ ചികിത്സാ രംഗത്തെ എല്ലാ മേഖലകളെയും പ്രോത്സാഹിപ്പിക്കും. അലോപ്പതി, ആയുർവേദം, യുനാനി, ഹോമിയോ തുടങ്ങിയ ചികിത്സാവിഭാഗങ്ങളിലെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ആരോഗ്യവിഭാഗങ്ങളിലെ ചികിത്സാ വിജയങ്ങളുടെ ഡോക്യുമെന്റേഷൻ കൂടി ആവശ്യമാണ്.

ആരോഗ്യരംഗത്ത് ഗവേഷണങ്ങൾക്ക് മുൻതൂക്കം നൽകണമെന്നത് പ്രസക്തമാണ്. ഉന്നതവിദ്യാഭ്യാസ മേഖല വിപുലീകരിക്കുമ്പോൾ ഗവേഷണത്തിന് മുൻതൂക്കം നൽകും. ഇതിനായി ഫെലോഷിപ്പ് ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങളുണ്ടാകും. വലിയൊരു സമൂഹം ഗവേഷകരായി മുന്നോട്ടുവരുന്നത് നാടിന്റെ പൊതുനിലവാരം മെച്ചപ്പെടുത്തും. ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റി വിജ്ഞാനസമൂഹം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കാൻ കൂടുതൽ ബോധവത്കരണവും ശീലങ്ങളും വേണം. നഗരാരോഗ്യ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും ശ്രമങ്ങൾ നടത്തും. വയോജനക്ഷേമത്തിന് പ്രത്യേക സംവിധാനം ഒരുക്കാനാണ് സർക്കാർ ശ്രമിച്ചുവരുന്നത്. നഴ്സിംഗ്, പാരാമെഡിക്കൽ ജീവനക്കാരുടെ എണ്ണം പരമാവധി വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ആരോഗ്യരംഗത്ത് ചികിത്സതേടി കൂടുതൽ ആളുകൾ എത്തുന്നവിധമുള്ള ഹബ്ബാക്കി മാറ്റാനുള്ള സാധ്യതകൾ കേരളത്തിലുണ്ട്. ഔഷധകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ എടുത്തുവരുന്നുണ്ട്. ഇത് ഇനിയുള്ള കാലം വ്യാപിക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു. ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: രാജൻ എൻ. ഘോബ്രഗഡേ, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ: രത്തൻ ഖേൽഖർ, ആരോഗ്യ രംഗത്തെ വിദഗ്ധരായ ഡോ: റോയ് കള്ളിവയലിൽ, ഡോ: ജോസ് ചാക്കോ പെരിയപുറം, ഡോ: മോഹൻലാൽ, ഡോ: ഇസ്മായിൽ സേട്ട്, ഡോ: ആസാദ് മൂപ്പൻ, ഡോ: ബാബു മാത്യു, ഡോ: സതീശൻ പി, ഡോ: എം.കെ.സി നായർ, ഡോ: സൈറു ഫിലിപ്പ്, ഡോ: സാദത്ത് ദിനകരൻ, ഡോ: ആർ. നവീൻ, ഡോ. ജോയ് ഇളമൺ, ഡോ: പി.ടി സക്കറിയാസ്, ഡോ: മധു എസ്. നായർ, ഡോ: തങ്കപ്പൻ, ഡോ: കെ.വി ബീന, ഡോ: നാരായണൻകുട്ടി വാര്യർ, ഡോ: പത്മനാഭ ഷേണായ്, ഡോ: മുഹമ്മദ് ഷെരീഫ്, ഡോ: കെ. ജഗന്നാഥൻ, ഡോ: കെ.ജി അലക്സാണ്ടർ, ഡോ: വി.ജി. പ്രദീപ്, ഡോ: വസുന്ധര, ഡോ: അജിത്ത് ബി.എസ്, ഡോ: ജോൺ പണിക്കർ, ഡോ: അഷ്റഫ് എം.എസ്, ഡോ: ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.    
    

 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.