തിരുവനന്തപുരത്ത് കോവിഡ് സ്പെഷ്യല്‍ വാക്സിനേഷന്‍ വന്‍ വിജയം

2021-02-26 14:53:38

 
ഒറ്റദിവസം വാക്സിന്‍ സ്വീകരിച്ചത് 524 പേര്‍
തിരുവനന്തപുരം:  കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതിനായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കോവിഡ് സ്പെഷ്യല്‍ വാക്സിനേഷന്‍ പൈലറ്റ് പ്രോഗ്രാമിന് മികച്ച പ്രതികരണം. കോവിഡ് മുന്‍നിര പോരാളികള്‍ക്കായി ഇന്നലെ (25 ഫെബ്രുവരി) രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് അഞ്ചുവരെ നടന്ന സ്പെഷ്യല്‍ ക്യാംപയിനില്‍ 524 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. കോവി ഷീല്‍ഡ് വാക്‌സിനാണ്  നല്‍കിയത്.
ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പരിപാടികൾക്ക് നേതൃത്വം നല്‍കി. ഒരൊറ്റ കേന്ദ്രത്തില്‍ ഒരു ദിവസം ഇത്രയധികം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമാണെന്ന് കളക്ടര്‍ പറഞ്ഞു. മികച്ചതും സമയബന്ധിതവുമായ ആസൂത്രണമാണ് ഇതിനായി വേണ്ടിവന്നത്. വാക്‌സിനേഷന്‍ വിജയകരമാക്കാന്‍ ഒപ്പംനിന്ന ആരോഗ്യവകുപ്പ് ജീവനക്കാരെയും വിവിധ വകുപ്പുകളിലെ ജീവനക്കാരെയും കളക്ടര്‍ അഭിനന്ദിച്ചു.
സുഗമമായി വാക്‌സിന്‍ നല്‍കുന്നതിനു അഞ്ചു ബൂത്തുകളാണ് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിരുന്നത്. ഒബ്‌സര്‍വേഷന്‍ റൂം, ആംബുലന്‍സ് സൗകര്യം എന്നിവയും  സജ്ജീകരിച്ചിരുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത റവന്യു വകുപ്പ് ജീവനക്കാര്‍, പോലീസ് ഉള്‍പ്പടെയുള്ള വിവിധ സേനാംഗങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍,  സി.ആര്‍.പി.എഫ്  സേനാംഗങ്ങൾ ഉള്‍പ്പടെയുള്ള മുന്‍നിര പോരാളികള്‍ക്കാണ് ഇന്ന് വാക്‌സിന്‍ നല്‍കിയത്. ജില്ലാ ഭരണകൂടത്തിൻ്റെ പുതിയ ഉദ്യമമായ ‘ട്രിവാൻഡ്രം എഹെഡി’ൻ്റെ രണ്ടാമത്തെ പരിപാടിയായിട്ടാണ് ഇത് സംഘടിപ്പിച്ചതന്ന് ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ പറഞ്ഞു.
   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.