നിയമസഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് അപേക്ഷ മാര്‍ച്ച് 17 വരെ

2021-03-03 15:18:13

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ള സമ്മതിദായകര്‍ക്ക് മാര്‍ച്ച് 17 വരെ അപേക്ഷ നല്‍കാമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. വോട്ടര്‍ പട്ടികയില്‍ പേരുള്ള 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ശാരീരിക വൈകല്യമുള്ളവര്‍, കോവിഡ് പോസിറ്റിവായും നിരീക്ഷണത്തിലും കഴിയുന്നവര്‍ എന്നീ വിഭാഗക്കാര്‍ക്കാണു പോസ്റ്റല്‍  ബാലറ്റ് അനുവദിക്കുന്നത്.
പോസ്റ്റല്‍ വോട്ടിനായി ഫോം 12-ഡിയില്‍ റിട്ടേണിങ് ഓഫിസര്‍ക്ക് സമ്മതിദായകന്‍ അപേക്ഷ നല്‍കണം.  തെരഞ്ഞെടുപ്പ് ചുമതലയുള്ള ബ്ലോക്ക് ലെവല്‍ ഓഫിസര്‍മാര്‍ അപേക്ഷാ ഫോം സമ്മതിദായകരുടെ വീട്ടില്‍ നേരിട്ടെത്തിക്കുകയും തിരികെ വാങ്ങുകയും ചെയ്യും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തീയതിക്കു ശേഷമുള്ള അഞ്ചു ദിവസങ്ങള്‍ക്കകമാണു തപാല്‍ വോട്ടിന് അപേക്ഷിക്കാനുള്ള സമയം.  ജില്ലയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12നു വരുന്നതിനാല്‍ പിറ്റേന്നു മുതലുള്ള അഞ്ചു ദിവസം തികയുന്ന മാര്‍ച്ച് 17 വരെയാകും അപേക്ഷകള്‍ സ്വീകരിക്കുകയെന്നു കളക്ടര്‍ പറഞ്ഞു.
മാര്‍ച്ച് 17നു ശേഷം തപാല്‍ വോട്ട് അനുവദിക്കില്ല.  ഈ തീയതിക്കു ശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റൈനിലാകുകയോ ചെയ്യുന്നവര്‍ക്ക് പോളിങ് ദിവസം വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറില്‍ പിപിഇ കിറ്റ് ധരിച്ചു നേരിട്ടു ബൂത്തിലെത്തി വേട്ട് ചെയ്യണം.  ജില്ലയില്‍ തപാല്‍ വോട്ടിനുള്ള അപേക്ഷകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.  ശാരീരിക വൈകല്യം മൂലം പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നവര്‍ ഫോം 12ഡിയോടൊപ്പം അതു തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണം. കോവിഡ് രോഗികളായവരും ക്വാറന്റൈനില്‍ കഴിയുന്നവരും അക്കാര്യം തെളിയിക്കുന്ന മെഡിക്കല്‍ ഓഫിസറുടെ സര്‍ട്ടിഫിക്കറ്റും അപേക്ഷയ്‌ക്കൊപ്പം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു.
തപാല്‍ വോട്ടിനുള്ള അപേക്ഷകള്‍ പരിശോധിച്ച ശേഷം റിട്ടേണിങ് ഓഫിസര്‍ ബാലറ്റ് പേപ്പറുകള്‍ നേരിട്ട് സമ്മതിദായകന്റെ അടുത്ത് എത്തിക്കും. പോസ്റ്റല്‍ വോട്ട് അനുവദിക്കുന്ന സമ്മതിദായകരുടെ പേരിനു നേര്‍ക്ക് വോട്ടര്‍ പട്ടികയില്‍ ‘പി ബി’ എന്ന് ഇംഗ്ലിഷില്‍ രേഖപ്പെടുത്തും.  ഇവര്‍ക്കു പിന്നീട് ഈ തെരഞ്ഞെടുപ്പില്‍ ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. സമ്മതിദായകനെക്കൊണ്ടു വോട്ട് ചെയ്യിച്ചു ബാലറ്റ്  പേപ്പര്‍ തിരികെ വാങ്ങുന്നതിന് പ്രത്യേക പോളിങ് ഉദ്യോഗസ്ഥരെ നിയോഗിക്കും.
ബൂത്തിലെത്തി വോട്ട് ചെയ്യുന്ന എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാകും പോസ്റ്റല്‍ ബാലറ്റ് പേപ്പറില്‍ സമ്മതിദായകനെക്കൊണ്ടു വോട്ട് ചെയ്യിച്ചു തിരികെ വാങ്ങുന്നതെന്നും കളക്ടര്‍ പറഞ്ഞു. പോസ്റ്റല്‍ ബാലറ്റിന്റെ ഒരു ഘട്ടത്തിലും സമ്മതിദായകന് അപേക്ഷയോ ബാലറ്റോ റിട്ടേണിങ് ഓഫിസര്‍ക്ക് നേരിട്ട് അയക്കാന്‍ കഴിയില്ലെന്നും, പോളിങ് ഉദ്യോഗസ്ഥര്‍ മുഖേന മാത്രമേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വോട്ട്  രേഖപ്പെടുത്താനാകൂ എന്നും കളക്ടര്‍ വ്യക്തമാക്കി.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.