സിനിമാച്ചൂടിന് 5 ന് കൊടിയിറക്കം

2021-03-03 15:31:58

പാലക്കാട്: ഇരുപത്തഞ്ചാമതു കേരളാ രാജ്യാന്തര ചലച്ചിത്ര മേളക്ക് 5 ന് പാലക്കാടിൻറെ മണ്ണിൽ കൊടിയിറക്കം. തിരുവനന്തപുരത്തു ഫെബ്രുവരി 10 നു ആരംഭിച്ച മേളയാണ് എറണാകുളം, കണ്ണൂർ ജില്ലകളിലെ പതിപ്പുകൾക്കു ശേഷം പാലക്കാട്ടു സമാപനം കുറിക്കുന്നത്. കാൽ നൂറ്റാണ്ടിന്റെ ചരിത്രത്തിലാദ്യമായാണ് നാലിടങ്ങളിലായി മേള നടത്തിയത്. യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയിൽ എണ്ണായിരം പ്രതിനിധികൾക്കായി 30 രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് പ്രദർശിപ്പിച്ചത്.

കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ മേളയിൽ പുറം ദേശങ്ങളിൽ നിന്നുള്ള അതിഥികൾ ഓൺലൈനായി ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുത്തതും ചലച്ചിത്ര പ്രേമികൾക്ക് നവ്യാനുഭവമായി. ചിതങ്ങൾക്കു റിസർവേഷൻ സൗകര്യവും സീറ്റകലവും ഓരോ പ്രദർശനത്തിന് ശേഷം തിയേറ്റർ ശുചീകരണവും പാലിച്ചതിലൂടെ രജത ജൂബിലി മേള കരുതലിന്റെ മേള കൂടിയായി.
ലോക സിനിമയ്ക്കൊപ്പം മലയാള ചിത്രങ്ങളും മേളയുടെ ആവേശക്കാഴ്ചയായി. ചുരുളിയും ഹാസ്യവുമായിരുന്നു ഇത്തവണത്തെ മത്സര ചിത്രങ്ങളിലെ മലയാളി സാന്നിധ്യങ്ങൾ . ബിരിയാണി ,വാസന്തി , അറ്റെൻഷൻ പ്ലീസ് , മ്യൂസിക്കൽ ചെയർ , ഗ്രാമവൃക്ഷത്തിലെ കുയിൽ തുടങ്ങിയ മലയാള ചിത്രങ്ങൾ നാല് മേഖലകളും നിറഞ്ഞ സദസുകളിലായിരുന്നു പ്രദർശിപ്പിച്ചത്. ദി മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ, വൈഫ് ഓഫ് എ സ്പൈ , നൈറ്റ് ഓഫ് ദി കിങ്‌സ് , ദി വെയ്സ്റ്റ് ലാൻഡ്,ഡിയർ കോമ്രേഡ്‌സ് ,ക്വോ വാഡിസ് ഐഡ,കോസ ,പിഗ് തുടങ്ങിയ ലോക സിനിമകൾ പ്രേക്ഷക ഹൃദയം കീഴടക്കി. അതിൽ ഡിയർ കോമ്രേഡ്‌സ് , കോസ, പിഗ് എന്നിവയുടെ പുനഃ പ്രദർശനങ്ങൾ ഇന്നുണ്ടാകും.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.