പ്രചാരണത്തിന് കര്‍ശന നിബന്ധനകള്‍: ചെലവ് നിരീക്ഷകര്‍ ചുമതലയേറ്റു

2021-03-13 15:32:40

തൃശ്ശൂർ:  തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ചെലവ് നിരീക്ഷകര്‍ ജില്ലയില്‍ ചുമതലയേറ്റു. പൊതുനിരീക്ഷകര്‍ക്ക് പുറമെ നാല് മണ്ഡലങ്ങളിലേക്ക് ഒരു നിരീക്ഷകന്‍ എന്ന നിലയില്‍ ജില്ലയില്‍ നാല് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെയാണ് നിയോഗിച്ചിരിക്കുന്നത്. അരുൺ കുമാർ ഗുപ്ത (ചേലക്കര,കുന്നംകുളം, ഗുരുവായൂർ), എസ് കെ ചാറ്റർജി (വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ), ഉപീന്ദർബീർ സിംഗ്(മണലൂർ, നാട്ടിക, കയ്പമംഗലം), ഉമേഷ് കുമാർ(പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ) എന്നിവരാണ് ചുമതലയേറ്റത്.

എക്സ്പെന്റിച്ചര്‍ ഒബ്സര്‍വര്‍മാര്‍ അഥവാ ചെലവ് നിരീക്ഷകർ ചുമതലയേറ്റതോടെ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി ശക്തമായ പരിശോധനയും നടപടിയും തുടങ്ങും. നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഫ്ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലൻസ് സ്‌ക്വാഡ്, വീഡിയോ സര്‍വൈലൻസ് ടീം എന്നിവ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി അസിസ്റ്റന്റ് എക്സ്പെന്റിച്ചര്‍ ഒബ്സര്‍വര്‍മാരുടെ സംഘവുമുണ്ട്.

തിരഞ്ഞെടുപ്പിനായി നിഷ്കർഷിക്കുന്ന തുക മാത്രമേ പ്രചാരണത്തിനും അനുബന്ധകാര്യങ്ങള്‍ക്കുമായി ചെലവഴിക്കാൻ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുമതിയുള്ളൂ. സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള നിശ്ചിത തുകയ്ക്ക് മുകളിലുള്ള സാമ്പത്തിക ഇടപാടുകള്‍ ചെക്ക് മുഖേന മാത്രമേ പാടുള്ളൂ. ഇതിനായി സ്ഥാനാര്‍ത്ഥികള്‍ പ്രത്യേകം ബാങ്ക്അ‌ക്കൗണ്ട് തുടങ്ങണം. സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുകയുടെ വൗച്ചറുകള്‍ നിര്‍ബന്ധമായും സൂക്ഷിക്കുകയും വേണം. മറ്റ് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സ്ഥാനാര്‍ത്ഥികള്‍ സ്വീകരിക്കുന്ന പണത്തിന് ക്യാഷ് രജിസ്റ്റര്‍ സൂക്ഷിക്കണം. പ്രചാരണ പരിപാടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച തുകയില്‍ അധികമാകരുത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും തിരഞ്ഞെടുപ്പ് ചെലവായി കണക്കാക്കും.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.