മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം വിളിച്ചു

2021-03-15 14:48:34

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ അധ്യക്ഷതയിൽ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിർദേശ പത്രികാ സമർപ്പണം, പ്രചാരണം തുടങ്ങിയ നടപടികളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ വിശദീകരിക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ യോഗം വിളിച്ചത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പ്രചാരണ പരിപാടികൾ നടത്തേണ്ടതെന്ന് അദ്ദേഹം രാഷ്ട്രീയ കക്ഷികളെ അറിയിച്ചു.

യോഗങ്ങൾ സംഘടിപ്പിക്കുമ്പോൾ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. യോഗങ്ങൾക്ക് നിശ്ചയിച്ചു നൽകിയിട്ടുള്ള മൈതാനങ്ങളിലും ഓഡിറ്റോറിയങ്ങളിലും നിശ്ചിത എണ്ണം ആളുകളെയേ പങ്കെടുപ്പിക്കാവൂ.

നിശ്ചിത എണ്ണം വാഹനങ്ങളേ റാലികൾക്ക് ഉപയോഗിക്കാവൂ. വിശദമായ കോവിഡ് മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ മലയാളം പതിപ്പും രാഷ്ട്രീയ കക്ഷി നേതാക്കൾക്ക് നൽകി.

ഇത്തവണത്തെ തിരഞ്ഞെടുപ്പിന് ഏർപ്പെടുത്തിയിട്ടുള്ള തപാൽ വോട്ട് സൗകര്യത്തിന്റെ നടപടിക്രമങ്ങളും വിശദീകരിച്ചു.

ഭിന്നശേഷിക്കാർ, 80 വയസ് പൂർത്തിയായ വർ, കോവിഡ് രോഗബാധിതർ / രോഗം സംശയിക്കുന്നവർ എന്നിവർക്ക് ആവശ്യമെങ്കിൽ തപാൽ വോട്ട് സൗകര്യം ഉപയോഗപ്പെടുത്താം.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 16 അവശ്യ സർവീസ് മേഖലയിലുള്ളവർക്കും ഇത്തവണ തപാൽ വോട്ടിന് അവസരമുണ്ട്. തപാൽ വോട്ടിന് താത്പര്യമുള്ളവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിർബന്ധമല്ല.

ഹരിതച്ചട്ടം പാലിച്ചായിരിക്കണം പ്രചാരണ സാമഗ്രികളും ബോർഡുകളും ഒരുക്കേണ്ടതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഓർമിപ്പിച്ചു.

പി.വി.സി ഫ്ലക്സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് കൊടിതോരണങ്ങൾ എന്നിവ പ്രചാരണത്തിന് ഉപയോഗിക്കരുത്. കോട്ടൺ തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങിയ പുനരുപയോഗ- പുന: ചംക്രമണ സാധ്യമായ വസ്തുക്കൾ ഉപയോഗിച്ചുള്ള ബാനറുകളും ബോർഡുകളും മാത്രമേ ഉപയോഗിക്കാവൂ. ഇത്തരം മെറ്റീരിയൽ അച്ചടിക്കുമ്പോൾ റീസൈക്ലബിൾ, പി.വി.സി ഫ്രീ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പ്രിന്റിംഗ് നമ്പരും നിർബന്ധമായും ഉൾപ്പെടുത്തണം. പുനരുപയോഗ യോഗ്യമായ പ്രചാരണ സാമഗ്രികൾ ഉപയോഗ ശേഷം അതത് രാഷ്ട്രീയ പാർട്ടികൾ ശേഖരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമ സേന മുഖേന സർക്കാർ കമ്പനിയായ ക്ലീൻ കേരള ലിമിറ്റഡിന് കൈമാറണം.

ഇതു സംബന്ധിച്ച മാർഗനിർദേശങ്ങളും അദ്ദേഹം നേതാക്കൾക്ക് കൈമാറി.

നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ഓൺലൈൻ വഴിയും സൗകര്യമുണ്ട്. സ്ഥാനാർഥികൾക്ക് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമുണ്ടെങ്കിൽ പത്രികയ്ക്കൊപ്പം അതും വിശദമാക്കണം. കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത സ്ഥാനാർഥിയെ എന്തുകൊണ്ട് കണ്ടെത്താനായില്ലെന്ന് രാഷ്ട്രീയ കക്ഷികളും വിശദീകരിക്കണം. സ്ഥാനാർഥിയെ നിശ്ചയിച്ച് 48 മണിക്കൂറിനുള്ളിലോ പത്രിക സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പോ ഏതാണോ ആദ്യം ആ തീയതിയിൽ പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പാർട്ടിയുടെ വെബ് സൈറ്റിലും വിശദീകരണം പ്രസിദ്ധീകരിക്കണം.

ഇത് സംബന്ധിച്ച് സ്ഥിരീകരണം സ്ഥാനാർഥിയെ തിരഞ്ഞെടുത്ത് 72 മണിക്കൂറിനുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകുകയും വേണം.

സ്ഥാനാർഥികളുടെ കുറ്റകൃത്യങ്ങളുടെയും കേസിന്റെയും വിവരങ്ങൾ മൂന്നു തവണ മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ യോഗത്തിൽ വ്യക്തമാക്കി. പത്രിക പിൻവലിക്കാനുള്ള ആദ്യ നാല് ദിവസത്തിനുള്ളിൽ ആദ്യ ഘട്ടവും അടുത്ത അഞ്ചു മുതൽ എട്ട് ദിവസങ്ങൾക്കിടയിൽ രണ്ടാം ഘട്ടവും പരസ്യം നൽകണം. ഒമ്പതാമത്തെ ദിവസം മുതൽ പ്രചാരണത്തിനുള്ള അവസാന ദിവസത്തിനുള്ളിൽ മൂന്നാംഘട്ട പരസ്യം നൽകണം.

കള്ളവോട്ട് പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയ കക്ഷികളെ ഓർമിപ്പിച്ചു. കള്ള വോട്ടിനുള്ള ശ്രമമുണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന പ്രത്യേക നിരീക്ഷകർ എത്തിയതായും അദ്ദേഹം യോഗത്തെ അറിയിച്ചു.

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.