സോഷ്യല്‍ മീഡിയ പരസ്യം- നിരീക്ഷണം കര്‍ശനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

2021-03-15 15:03:36

എറണാകുളം: സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയവഴിയുള്ള അനധികൃത പരസ്യങ്ങള്‍ക്കെതിരെ നിരീക്ഷണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമാക്കി. പരസ്യങ്ങളുടെയും പെയ്ഡ് ന്യൂസിന്റെയും നിരീക്ഷണത്തിനായി രൂപീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മീഡിയ മോണിറ്ററിംഗ് കമ്മറ്റിക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം ജില്ലാതിരഞ്ഞെടുപ്പ ഓഫീസറും കമ്മറ്റി ചെയര്‍മാനുമായി ജില്ല കളക്ടര്‍ എസ്. സുഹാസ് നല്‍കി.

മുന്‍കൂര്‍ അനുമതി വാങ്ങാത്ത പരസ്യങ്ങള്‍ കണ്ടെത്തി രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും തിരഞ്ഞെടുപ്പ ചെലവില്‍ വകയിരുത്താനും കളക്ട്രേറ്റില്‍ ചേര്‍ന്ന കമ്മറ്റി യോഗത്തില്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ മെമ്പര്‍ സെക്രട്ടറിയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ബി. സേതുരാജ്, കമ്മറ്റി അംഗങ്ങളായ എ.ഡി.എം മുഹമ്മദ് ഷാഫി, ദി ഹിന്ദു ദിനപ്പത്രത്തിന്റെ എറണാകുളം ബ്യൂറോ ചീഫ്, എസ്. ആനന്ദന്‍, ദൂരദര്‍ശന്‍ മുന്‍ ന്യൂസ് എഡിറ്റര്‍ വി.എം അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നതിന് കമ്മറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാ ശാലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമസങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദര്‍ശനം, വോയ്‌സ് മെസെജുകള്‍, എസ്.എം.എസുകള്‍, ദിനപ്പത്രങ്ങളുടെ ഇ പേപ്പറുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. മാധ്യമ സ്ഥാപനങ്ങള്‍ കളക്ടേറ്റിലെ എം.സി.എം.സിയുടെ അനുമതിയുള്ള പരസ്യ മാറ്ററുകള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ.

കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്ററിലാണ് പരസ്യങ്ങള്‍ക്കുള്ള മുന്‍കൂര്‍ അനുമതി ലഭ്യമാക്കുന്ന എം.സി.എം.സിയുടെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ സെല്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സെല്‍ പ്രവര്‍ത്തിക്കും. മീഡിയ ഹാളില്‍ സജ്ജീകരിച്ചിരി്ക്കുന്ന എം.സി.എം.സിയുടെ മീഡിയ മോണിറ്ററിംഗ് സെല്‍ ദിവസം മുഴുവന്‍ എല്ലാ മാധ്യമങ്ങളും നിരീക്ഷിക്കും. അനുമതിയില്ലാത്ത പരസ്യങ്ങള്‍ കണ്ടെത്തി രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികളുടയും ചിലവില്‍ ഉള്‍പ്പെടുത്തും.

പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും പരസ്യങ്ങള്‍ സംപ്രേഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പെങ്കിലും വിശദവിവരങ്ങളോടെ നിശ്ചിത ഫോമില്‍ അപേക്ഷ എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം. പരസ്യത്തിന്റെ ഉള്ളടക്കം സി.ഡിയിലോ ഡി.വി.ഡിയിലോ അക്കി രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.

അച്ചടി മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. സ്ഥാനാര്‍ഥിയുടെ അറിവില്ലാതെയാണ് പരസ്യം പ്രസിദ്ധീകരക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പ്രസാധകനെതിരെ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യും. അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 48 മണിക്കൂറിനകം തീരുമാനമറിയിക്കും. മീഡിയ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 94960 03208, 94960 03217 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. ഇ മെയ്ല്‍ mcmcekm2021@gmail.com    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.