പ്രചാരണം: പരസ്യങ്ങൾക്കു മുൻകൂർ അനുമതി വേണം

2021-03-16 15:49:13

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്കു ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ സർട്ടിഫിക്കേഷൻ നിർബന്ധമാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. മാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പു പ്രചാരണം കളക്ടറേറ്റിലെ മീഡിയ മോണിറ്ററിങ് സെല്ലിൽ 24 മണിക്കൂർ നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.
പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, സ്വകാര്യ എഫ്.എം. ചാനലുകൾ ഉൾപ്പെടെയുള്ള റേഡിയോകൾ, സിനിമ തീയേറ്ററുകൾ, പൊതു സ്ഥലങ്ങളിലും സമൂഹ മാധ്യമങ്ങളിലും നൽകുന്ന ഓഡിയോ, വിഡിയോ ഡിസ്‌പ്ലേകൾ, ബൾക്ക് എസ്.എം.എസുകൾ, വോയ്‌സ് മെസേജുകൾ, ഇ-പേപ്പറുകൾ എന്നിവയിലെ പരസ്യങ്ങൾക്കു മുൻകൂർ അനുമതി ആവശ്യമുണ്ട്. അനുമതിയില്ലാതെ തെരഞ്ഞെടുപ്പു പരസ്യങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുത്.
സ്ഥാനാർഥികളും അംഗീകൃത രാഷ്ട്രീയ പാർട്ടികളും പരസ്യം നൽകുന്നതിന് അനുബന്ധം – 28ൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിക്ക് അപേക്ഷ നൽകണം. ടെലികാസ്റ്റ് ചെയ്യുന്നതിനു മൂന്നു ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ടു പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്യത്തിന്റെ നിർമാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം. പരസ്യം പ്രദർശിപ്പിക്കുന്നതിനു നൽകുന്ന പണം ചെക്കായോ ഡിമാൻഡ് ഡ്രാഫ്റ്റായോ മാത്രമേ നൽകൂ എന്ന പ്രസ്താവനയും നൽകണമെന്നു കളക്ടർ വ്യക്തമാക്കി.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.