വോട്ടുവണ്ടി പ്രയാണം തുടങ്ങി

2021-03-16 15:52:24

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ബോധവത്കരണവുമായി ജില്ലയില്‍ വോട്ടുവണ്ടി പ്രയാണം ആരംഭിച്ചു. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ വോട്ടുവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാവരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ജനങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് സന്ദേശങ്ങളുമായി വണ്ടി പ്രയാണം നടത്തുന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് പരിചയപ്പെടുതുന്നതിനായി മോക്ക് പോളിംഗ് ബൂത്ത്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ സന്ദേശം ഉള്‍പ്പെടുത്തിയ എല്‍.ഇ.ഡി വാള്‍, വിവിധ അറിയിപ്പുകള്‍ നല്‍കുന്നതിനായി മൈക് സിസ്റ്റം, ലഘു ലേഖകകള്‍ എന്നിവ വാഹനത്തിലുണ്ട്. ഒരു ദിവസം ഒരു മണ്ഡലം എന്ന രീതിയില്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും വരും ദിവസങ്ങളില്‍ വാഹനം പര്യടനം നടത്തും. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ആശുപത്രികള്‍ ഉള്‍പ്പടെയുള്ള ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും വോട്ട് വണ്ടിയെത്തും. ഏപ്രില്‍ നാലുവരെയാണ് വാഹനം പര്യടനം നടത്തുക.
ചടങ്ങില്‍ ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍, എ.ഡി.എം റ്റി.ജി ഗോപകുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ റ്റി.ആര്‍ അഹമ്മദ് കബീര്‍, സ്വീപ് കളക്ടറേറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.