സ്ഥാനാര്‍ത്ഥികളുടെ പരസ്യങ്ങള്‍ക്ക് എം.സി.എം.സി. സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം

2021-03-23 15:39:23

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനായി നിര്‍മിക്കുന്ന പരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം. പത്രം, ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കാണ് ഈ കമ്മിറ്റിയുടെ സര്‍ട്ടിഫിക്കേഷന്‍ എടുക്കേണ്ടത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്. suvidha.eci.gov.in വഴിയും സ്ഥാനാര്‍ഥികള്‍ക്ക് അപേക്ഷഫോറം ലഭിക്കും. സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത പരസ്യങ്ങള്‍ എം.സി.എം.സി.യുടെ ലംഘനമായി കണക്കാക്കും. ഫോണ്‍: 0491-2505329.
പരസ്യങ്ങള്‍ നിരീക്ഷിക്കുന്നത് എം.സി.എം.സി. സെല്ല് മുഖേന
അച്ചടി-ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന രാഷ്ട്രീയ പരസ്യങ്ങളുടെ പ്രീ- സര്‍ട്ടിഫിക്കേഷന്‍, പെയ്ഡ് ന്യൂസ് നിരീക്ഷണം എന്നിവ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ എം.സി.എം.സി സെല്‍ മുഖേനയാണ് നടത്തുന്നത്. വിവിധ മാധ്യമങ്ങളിലെ പരസ്യങ്ങളില്‍ ചട്ട ലംഘനങ്ങളുടെ പരിശോധന, സ്ഥാനാര്‍ത്ഥിയുടെ ചെലവ് സംബന്ധമായ പ്രകടമായതും അല്ലാത്തതുമായ രാഷ്ട്രീയ പരസ്യങ്ങളുടെ സസൂക്ഷ്മ നിരീക്ഷണം, സ്ഥാനാര്‍ത്ഥിയുടെ അറിവോടെയല്ലാതെ പത്ര മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ തുടങ്ങിയവ സെല്‍ പരിശോധിക്കും.
മറ്റു രാജ്യങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍, മതപരമായതും പ്രത്യേക വിഭാഗങ്ങളെയും കേന്ദ്രീകരിച്ചുള്ള പരസ്യ പ്രചരണങ്ങള്‍, അക്രമണത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളവ, കോടതിയലക്ഷ്യമായവ, കോടതികള്‍, രാഷ്ട്രപതി എന്നിവരെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളത്, രാഷ്ട്രത്തിന്റെ ഐക്യത്തെയും പരമാധികാരത്തെയും ബാധിക്കുന്ന പ്രചരണങ്ങള്‍, വ്യക്തികളുടെ പേരിലുള്ള വിമര്‍ശനം തുടങ്ങിയ വാര്‍ത്തകള്‍, പരസ്യങ്ങള്‍, പ്രസ്തവനകള്‍ എന്നിവയും കമ്മിറ്റി പരിശോധിക്കുന്നുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ. ഉണ്ണികൃഷ്ണനാണ് എം.സി.എം.സിയുടെ നോഡല്‍ ഓഫീസര്‍. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ആര്‍.ഡി.ഒ എന്‍.എസ് ബിന്ദു, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ സ്മിതി, മാധ്യമപ്രവര്‍ത്തകന്‍ അബ്ദുള്‍ ലത്തീഫ് നഹ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ. ഉണ്ണികൃഷ്ണന്‍ എന്നിവരുള്‍പ്പെടുന്ന അഞ്ചംഗ സമിതിയാണ് എം.സി.എം.സി.യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.