ഹരിത തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനിലെ മാലിന്യം നീക്കാന്‍ ഹരിതസേന

2021-03-24 15:18:40

പാലക്കാട്:  നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ബൂത്തുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യും. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പോളിംഗ് സ്റ്റേഷനുകളിലെ മാലിന്യങ്ങളുടെ ശേഖരണത്തിനും നിര്‍മ്മാര്‍ജ്ജനത്തിനും ഹരിത കര്‍മ്മ സേനയെ ഏര്‍പ്പാടാക്കുകയും പോളിംഗ് ബൂത്തുകളില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിന് വാഹന സൗകര്യമൊരുക്കുകയും ചെയ്യും.
ബയോമെഡിക്കല്‍ മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി.പി.എസ് ട്രാക്കിങ്ങിനായി നോഡല്‍ ഓഫീസറുടെ സഹായത്തോടെ ഇലക്ട്രൈസസ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യും. പോളിംഗ് ബൂത്തുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഗ്ലൗസുകള്‍, മാസ്‌ക്, സാനിറ്റൈസര്‍, ഫെയ്സ്ഷീല്‍ഡ് തുടങ്ങിയവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് വിതരണം ചെയ്യുക. പോളിംഗ് ബൂത്തുകളില്‍ ജൈവ – അജൈവ മാലിന്യ ശേഖരത്തിനായി മൂന്നുകവറുകള്‍/പ്ലാസ്റ്റിക് ബക്കറ്റ് എന്നിവയും സ്ഥാപിക്കും.
പോളിംഗ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും സ്റ്റീല്‍ പത്രങ്ങളിലോ മറ്റു പാത്രങ്ങളിലോ ഭക്ഷണം കൊണ്ടുവരണം. പോളിംഗ് സ്റ്റേഷനുകളില്‍ ഭക്ഷണ വിതരണത്തിനായി ഇലയോ അലുമിനിയം ഫോയിലോ ഉപയോഗിക്കണം. അലുമിനിയം ഫോയില്‍ ഉപയോഗശേഷം വൃത്തിയാക്കി അവിടെ സ്ഥാപിച്ച പ്രത്യേക ബിന്നില്‍ നിക്ഷേപിക്കണം.വോട്ടര്‍മാര്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ഗ്ലൗസ് പോലെയുള്ള അജൈവ മാലിന്യങ്ങള്‍ അതിനായി സ്ഥാപിച്ചിട്ടുളള പ്രത്യേക ബിന്നിലാണ് നിക്ഷേപിക്കേണ്ടത്.
ബയോ മെഡിക്കല്‍ വേസ്റ്റുകളുടെ നിര്‍മാര്‍ജനം
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബയോമെഡിക്കല്‍ വേസ്റ്റുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ ബയോ ഹസാര്‍ഡ് ചിഹ്നമുള്ള മഞ്ഞ കവറുകള്‍ സ്ഥാപിക്കും. പോളിംഗ് ഓഫീസര്‍മാര്‍, പോലീസ് ഓഫീസര്‍മാര്‍, അവസാന മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്താനായി കോവിഡ് രോഗികളിലെത്തുമ്പോഴുള്ള പോളിംഗ് ഏജന്റുമാര്‍, പി.പി.ഇ കിറ്റ് ധരിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള ബയോമെഡിക്കല്‍ വേസ്റ്റുകള്‍ മഞ്ഞ കവറുകളില്‍ നിക്ഷേപിക്കണം.
ഹരിത കര്‍മ്മസേനാംഗങ്ങള്‍ ബയോമെഡിക്കല്‍ വേസ്റ്റ് സുരക്ഷിതമായി സൂക്ഷിച്ച് ആരോഗ്യവകുപ്പ് കണ്ടെത്തിയ ഇടത്തേക്ക് ഹരിത കര്‍മ്മ സേനകള്‍ എത്തിക്കും.
പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറും റീജിയണല്‍ ജോയിന്റ് ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ചേര്‍ന്ന് പോളിംഗ് ബൂത്തുകള്‍ക്ക് അടുത്തുള്ള ഇമേജ് കളക്ഷന്‍ സെന്ററുകള്‍ കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് കൈമാറും.
പോളിംഗ് സ്റ്റേഷനുകളിലെ കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ബൂത്ത്ലെവല്‍ നോഡല്‍ ഓഫീസര്‍ മുഖേനയാണ് പരിശീലനം നല്‍കുക.
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.