തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം ശക്തിപ്പെടുത്തും: കലക്ടര്‍

2021-03-26 16:19:49

ചെലവ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ അനധികൃതമോ സംശയാസ്പദമോ ആയ പണമിടപാടുകളും മദ്യക്കടത്തും നിരീക്ഷിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട മൂന്ന് ചെലവ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ വിവിധ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ തലവന്‍മാര്‍ പങ്കെടുത്തു. വോട്ടെടുപ്പ് ദിവസം അടുത്തുവരുന്നതിനനുസരിച്ച് ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ സജീവമാവാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതിന് തടയിടാന്‍ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ നിരീക്ഷണം കൂടുതല്‍ കര്‍ക്കശമാക്കണം. പൊലിസിന് പുറമെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെത്തിയ കേന്ദ്ര സേനയുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തണം. രാത്രിസമയങ്ങളില്‍ പരിശോധനയ്ക്കായി കൂടുതല്‍ പൊലിസുകാരുടെ സഹായം ലഭ്യമാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ചെലവ് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനുവരി മുതല്‍ നടന്ന സംശയാസ്പദമായ ബാങ്ക് ഇടപാടുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  വിമാനത്താവളം വഴിയുള്ള പണക്കടത്ത് തടയുന്നതിനുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ തമ്മില്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന നിയമവിരുദ്ധ പണമിടപാടുകള്‍, മദ്യത്തിന്റെ വിതരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പൊതുജനങ്ങള്‍ക്കായി കലക്ടറേറ്റില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ചെലവ് നിരീക്ഷകര്‍ക്കു പുറമെ, പൊലീസ്, എക്സൈസ്, വനം, ആദായ നികുതി, ജിഎസ്ടി, ബാങ്കിംഗ് ഏജന്‍സികള്‍, കസ്റ്റംസ്, ഇന്‍കം ടാക്സ് തുടങ്ങിയ വകുപ്പ് തലവന്മാര്‍ പങ്കെടുത്ത യോഗം ജില്ലയില്‍ ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി ഇതുവരെ കൈക്കൊണ്ട് നടപടികള്‍ വിലയിരുത്തി. ചെലവ് നിരീക്ഷകരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വരണാധികാരികളുടെ യോഗം ചേരാനും തീരുമാനമായി.

കലക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ചെലവ് നിരീക്ഷകരായ മേഘ ഭാര്‍ഗ്ഗവ, ബീരേന്ദ്രകുമാര്‍, സുധന്‍ഷു ശേഖര്‍ ഗൗതം, സിറ്റി പൊലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, റൂറല്‍ എസ് പി നവനീത് ശര്‍മ്മ, ചെലവ് നിരീക്ഷണം നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ കുഞ്ഞമ്പു നായര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.