മോഹന്‍ലാല്‍, ഗണേഷ് കുമാറിന് വോട്ടു തേടി പത്തനാപുരത്ത്

2021-03-30 16:07:15

കൊല്ലം: നടനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ഗണേഷ് കുമാറിന് വോട്ട് തേടി സിനിമാതാരം മോഹന്‍ലാല്‍. പത്തനാപുരം നിയോജക മണ്ഡലത്തില്‍ ജനവിധി തേടുന്ന ഗണേഷ് കുമാറിന് വോട്ട് ചോദിച്ചു കൊണ്ടുള്ള വീഡിയോ മോഹന്‍ലാല്‍ പങ്കുവച്ചു. മറ്റുള്ളവരെ കേള്‍ക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടായിരിക്കേണ്ട അത്യാവശ്യ ഗുണമെന്നും മറ്റുള്ളവരുടെ ദുഃഖങ്ങള്‍ തീര്‍ക്കുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിന്റെതെന്നും അദ്ദേഹം പറഞ്ഞു.ഗണേഷിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് പത്തനാപുരം. നിങ്ങള്‍ ഇന്ന് കാണുന്ന പത്തനാപുരത്തെ, പത്തനാപുരം ആക്കിയതില്‍ ഗണേഷ്‌കുമാറിന്റെ സംഭാവന എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്കറിയാം. പ്രിയ സഹോദരന്‍ ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ നിങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. മറക്കരുത്, വികസനമാണ് നമുക്ക് വേണ്ടത്. മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞു.

പത്തനാപുരത്തെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ് ഗണേഷ് കുമാറിന്. സ്വകാര്യ സംഭാഷണങ്ങളില്‍ പോലും പത്തനാപുരം കടന്നുവരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്. പുതിയ വികസന സ്വപ്നങ്ങളും ആശയങ്ങളും പങ്കുവയ്ക്കുമ്പോള്‍ അഭിനയത്തേക്കാള്‍ ഉപരി പത്തനാപുരത്തോടുള്ള വലിയ അഭിനിവേശം ഞങ്ങള്‍ കാണാറുണ്ട്.  നേരത്തെയും ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് മോഹന്‍ലാല്‍ പത്തനാപുരത്തെത്തിയിരുന്നു. സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. പത്തനാപുരത്ത് എത്തിയ മോഹന്‍ലാലിന് വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് മോഹന്‍ലാല്‍ സംസാരിക്കുകയും ചെയ്തു. സിനിമ നടന്‍ എന്ന നിലയിലല്ല കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വോട്ട് ചോദിക്കുന്നതെന്നു പറഞ്ഞ മോഹന്‍ലാല്‍ ഗണേഷ് കുമാറുമായി തികഞ്ഞ സൗഹാര്‍ദത്തിലാണെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സാധാരണക്കാരുടെ വാഹനമാണ് ഓട്ടോറിക്ഷയെന്നും ഈ ചിഹ്നത്തില്‍ വോട്ട് നല്‍കാന്‍ മറക്കരുതെന്നും പറഞ്ഞ് കൊണ്ടാണ് മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിച്ചത്.


    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.