തലശ്ശേരി മഞ്ഞോടി-മലബാര്‍ കാന്‍സര്‍ സെന്റര്‍ റോഡ് നവീകരണം മന്ദഗതിയില്‍

2021-04-01 15:48:27

തലശ്ശേരി: മഞ്ഞോടി- മലബാര്‍ കാന്‍സര്‍ സെന്റര്‍ റോഡ് നവീകരണം മന്ദഗതിയില്‍. രണ്ടു വര്‍ഷം പിന്നിട്ടിട്ടും റോഡിന്റെ നവീകരണം പൂര്‍ത്തിയാകാതെ പാതി വഴിയിലാണ്. ദിവസേന ആയിരക്കണക്കിനു രോഗികള്‍ കാന്‍സര്‍ സെന്ററിലേക്കു പോകുന്ന റോഡാണ് ഇത്തരത്തില്‍ അവഗണന നേരിടുന്നത്.

ലോക്ക് ഡൗണ്‍ കാലം മാസങ്ങളോളം റോഡ് നവീകരണം പൂര്‍ണമായി നിന്നിരുന്നു. അതിനു ശേഷമുള്ള പ്രവൃത്തിയും നിലവില്‍ ഇഴഞ്ഞാണു നീങ്ങുന്നത്. കുഴികള്‍ രൂപപ്പെട്ടതിനാൽ വലിയ വാഹനങ്ങള്‍ക്കു പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ ടാക്‌സി വിളിച്ചാല്‍ പോലും ഡ്രൈവര്‍മാര്‍ക്കു ഇതുവഴി പോകാന്‍ മടിയാണ്.റോഡിലെ കുഴിയോടൊപ്പം പൊടി ശല്യവും രൂക്ഷമാണിവിടെ. യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ട റോഡാണിത്. പി.ഡബ്ല്യു.ഡിക്കാണ് നവീകരണ ചുമതല. മഴക്കാലമായാല്‍ ചെളി വെള്ളം കെട്ടി നില്‍ക്കുന്നുവെന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഇതുവഴി ഓടുന്ന ലൈന്‍ ബസുകളും യാത്രാ ദുരിതം നേരിടുകയാണ്.നിലവില്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള ഓവുചാലുകള്‍ നിര്‍മിക്കുന്ന പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് നവീകരണം പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്നാണു പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.