ഗൃഹനാഥനെ കൊടുവാളിന് വെട്ടിക്കൊലപ്പെടുത്തി ബന്ധുവിന്റെ വീടിന് പിന്നില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

2021-04-05 16:16:32

കൊല്ലം: ഗൃഹനാഥനെ കൊടുവാളിന് വെട്ടിക്കൊലപ്പെടുത്തി ബന്ധുവിന്റെ വീടിന് പിന്നില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മൃതദേഹം പുറത്തെടുക്കാന്‍ പൊലീസ് നടപടികള്‍ തുടങ്ങി. ഓയൂര്‍ കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം പള്ളിവടക്കതില്‍ ഹാഷിം(56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്റൂര്‍കോണം സ്വദേശിയായ ഷറഫുദ്ദീന്‍, നിസാം എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 31ന് ഹാഷിമിനെ ഷറഫുദ്ദീന്‍ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. അന്നുതന്നെ സുഹൃത്തായ നിസാമിനെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് ഷറഫുദ്ദീന്റെ വീടിന് പിന്‍ഭാഗത്തായി കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.ഹാഷിമിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണത്തിലായിരുന്നു. തുടര്‍ന്ന് 2ന് പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് ആദ്യം നടത്തിയ അന്വേഷണത്തില്‍ത്തന്നെ ചില സംശയങ്ങള്‍ തോന്നിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പൊലീസ് നായയെ കൊണ്ടുവന്നു. നായ മണംപിടിച്ചെത്തിയത് ഷറഫുദ്ദീന്റെ വീട്ടിലേക്കാണ്. ഇതേത്തുടര്‍ന്ന് ഷറഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്തപ്പോഴാണ് മദ്യം നല്‍കാമെന്ന് പറഞ്ഞ് ഹാഷിമിനെ വിളിച്ചുവരുത്തിയതും കൊലപ്പെടുത്തിയതുമായ സംഭവങ്ങള്‍ വ്യക്തമാക്കിയത്. നേരത്തെ ഹാഷിമും ഷറഫുദ്ദീനും വിദേശത്തായിരുന്നു. അവിടെവച്ച് ഹാഷിം ഇരുപത്തയ്യായിരം രൂപ ഷറഫുദ്ദീന് കടം നല്‍കിയിരുന്നു. ഈ തുക പിന്നീട് തിരിച്ചു നല്‍കിയില്ല.

രണ്ടുപേരും നാട്ടിലെത്തിയതോടെ മിക്കപ്പോഴും തുക തിരികെ ചോദിച്ച് ഹാഷിം വഴക്കിടുമായിരുന്നു. അഞ്ഞൂറും ആയിരവും രൂപ വീതം പലപ്പോഴും ഷറഫിന്റെ പോക്കറ്റില്‍ നിന്നും എടുത്തുകൊണ്ടപോകാറുമുണ്ട്. മുന്‍പ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഹാഷിം. അതുകൊണ്ടുതന്നെ എതിര്‍ത്ത് നില്‍ക്കാനുള്ള ശേഷി ഷറഫുദ്ദീന് ഉണ്ടായിരുന്നില്ല.

ഷറഫുദ്ദീന്റെ വീട്ടില്‍ ചാരായം വാറ്റാറുണ്ടായിരുന്നു. വാറ്റ് ചാരായം കുടിക്കാനായിട്ടാണ് ഹാഷിമിനെ വിളിച്ചുവരുത്തിയത്. ചാരായം കുടിച്ചുതീര്‍ന്നപ്പോള്‍ ഇന്ന് തിരികെ പോകേണ്ടയെന്ന് പറഞ്ഞ് വീട്ടില്‍ത്തന്നെ കിടത്തി. പിന്നീടാണ് കൊടുവാള്‍ കൊണ്ട് വെട്ടിയത്. മരിച്ചുവെന്ന് ഉറപ്പാക്കിയശേഷമാണ് സുഹൃത്തായ നിസാമിനെ വിളിച്ചുവരുത്തിയത്.

നിസാമിന് ചാരായം നല്‍കിയ ശേഷം ഇരുവരും ചേര്‍ന്ന് വീടിന്റെ പിന്നിലായി വലിയ കുഴിയെടുത്ത് ഹാഷിമിനെ അതിലിട്ട് മൂടി. ആരും അറിയില്ലെന്ന ധാരണയില്‍ ദിവസങ്ങള്‍ തള്ളി നീക്കമ്‌ബോഴാണ് പൊലീസ് നായ മണംപിടിച്ച് ഷറഫുദ്ദീന്റെ വീട്ടിലെത്തിയത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.കൊട്ടാരക്കര ഡിവൈ.എസ്.പിയും സംഘവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറന്‍സിക്, സയന്റിഫിക് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മണ്ണ് നീക്കി മൃതദേഹം പുറത്തെടുക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.