റെയില്‍വെ പ്രോജക്ടിന് അദ്ദേഹത്തിന് ഓഫീസ് ആവശ്യമാണ്’; എം.എല്‍.എ ഓഫീസ് എടുത്തെന്ന ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് വി.കെ ശ്രീകണ്ഠന്‍

2021-04-07 15:03:12

പാലക്കാട് എം.എല്‍.എ ഓഫീസ് തുറന്നെന്ന എന്‍.ഡിഎ സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി. ശ്രീധരന്‍ ഓഫീസ് തുറക്കുന്നത് നല്ലതാണ്. റെയില്‍വെയുടെ പുതിയ പല പ്രോജക്ടുകളും പാലക്കാട് വരുന്നുണ്ട്. അതിന് നേതൃത്വം കൊടുക്കാന്‍ വേണ്ടി അദ്ദേഹത്തിന് ഓഫീസ് ആവശ്യമാണെന്ന് വി.കെ ശ്രീകണ്ഠന്‍ പരിഹസിച്ചു. നിയമസഭാ സാമാജികന്റെ ഓഫീസ് ഷാഫി പറമ്പില്‍ നിലനിര്‍ത്തുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. പലാക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിയപ്പെടുന്ന ഒരാളെന്ന നിലയില്‍ പ്രചാരണത്തിലൊക്കെ ശ്രീധരന്‍ മുമ്പന്തിയില്‍ വന്നിട്ടുണ്ടാകാം. എന്നാല്‍ വോട്ടിന്റെ കാര്യത്തില്‍ ചോര്‍ച്ച സംഭവിക്കാനുള്ള സാഹചര്യമില്ലെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി.
അതേസമയം എ. വി ഗോപിനാഥിതിനെ വിമര്‍ശിച്ചും ശ്രീകണ്ഠന്‍ രംഗത്ത് എത്തി. ഏതെങ്കിലും ഒരാള്‍ വിളിച്ചു കൂവിയാല്‍ ഇവിടെ പ്രശ്‌നമാണെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശ്രീകണ്ഠന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് ചില ആളുകള്‍ പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തി. പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ചേരുന്ന നടപടിയല്ല. കോണ്‍ഗ്രസിന് പുറത്തുള്ളവരാണ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. അവരുടെ കൈയിലെ ചട്ടുകമായി ചിലര്‍ മാറി. ഇവരുടെയൊക്കെ പൂര്‍വകാല ചരിത്രം നോക്കിയാല്‍ പാര്‍ട്ടിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് കാണാം. ഓരോ ആളുകള്‍ വരുമ്പോഴും അവരെ തകര്‍ക്കാനാണ് ശ്രമമെന്നും വി. കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.