വോട്ടിന്റെ പെണ്‍ പെരുമയില്‍ സ്ത്രീകള്‍ നിയന്ത്രിക്കുന്ന പോളിങ് ബൂത്തുകള്‍

2021-04-08 15:41:10

കാസർഗോഡ്: വോട്ടിന്റെ പെണ്‍ പെരുമ വിളിച്ചോതി സ്ത്രീകള്‍ നിയന്ത്രിക്കുന്ന പോളിങ് ബൂത്ത്. നിറയെ പിങ്ക് ബലൂണുകള്‍ കോര്‍ത്ത കമാനങ്ങളാണ് കാസര്‍കോട് ഗവ. കോളേജിലെ 139ാം പോളിങ് ബൂത്തിലെത്തിയ വോട്ടര്‍മാരെ സ്വീകരിച്ചത്. ഓരോ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ഏര്‍പ്പെടുത്തിയ സ്ത്രീകള്‍ നിയന്ത്രിക്കുന്ന പോളിങ് സ്റ്റേഷനാണത്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഓരോ മണ്ഡലത്തിലും ഓരോ വനിതാ പോളിംഗ് ബൂത്ത് ഉണ്ടാകണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന്റെ ഭാഗമായാണ് വിമന്‍ മാനേജ്ഡ് പോളിംഗ് ബൂത്തുകള്‍ ഒരുക്കിയത്. ഈ പോളിംഗ് ബൂത്തുകളില്‍ ശരീരോഷ്മാവ് പരിശോധിക്കുന്നത് മുതല്‍ മഷി പുരട്ടി വോട്ട് ചെയ്യാനയക്കുന്നത് വരെ കൃത്യതയോടെ അവര്‍ പോളിംഗ് ജോലികള്‍ ചെയ്തു.

മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപ്പള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 70 , കാസര്‍കോട് മണ്ഡലത്തില്‍ കാസര്‍കോട് ഗവ. കോളേജിലെ ബൂത്ത് നമ്പര്‍ 139, ഉദുമ മണ്ഡലത്തില്‍ കോട്ടിക്കുളം ജിയുപി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 96, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ബല്ല ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൂള്‍ ബൂത്ത് നമ്പര്‍ 142, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നീലേശ്വരം രാജാസ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ ആറ് എന്നിവയാണ് വനിതകള്‍ നിയന്ത്രിക്കുന്ന പോളിംഗ് ബൂത്തുകള്‍.

കാസര്‍കോട് മണ്ഡലത്തിന്റെ പിങ്ക് ബൂത്ത് പ്രിസൈഡിങ് ഓഫീസര്‍ പി.പി ജയന്തി നിയന്ത്രിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍ ദീപ, കാസര്‍കോട് മുനിസിപ്പാലിറ്റി ആശാവര്‍ക്കര്‍ ചിത്ര, അങ്കണ്‍വാടി ഹെല്‍പ്പര്‍ പ്രമീള എന്നിവരാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരക്ക് നിയന്ത്രിച്ച് വോട്ടര്‍മാരെ പോളിങ് ബൂത്തിനകത്തേക്ക് കയറ്റി വിട്ടത്.

നീലേശ്വരം രാജാസ് സ്‌കൂളിലെ വുമണ്‍ മാനേജ്ഡ് പോളിങ് ബൂത്തിന്റെ ചുമതല പ്രിസൈഡിംഗ് ഓഫീസര്‍ ഗ്രീഷ്മ ജയസേനനാണ്. ഫസ്റ്റ് പോളിംഗ് ഓഫീസര്‍ പി ഷീബ, സെക്കന്റ് പോളിംഗ് ഓഫീസര്‍ വി സീമ, സെക്കന്റ് പോളിംഗ് ഓഫീസര്‍ എന്‍ കെ ഭവിത, സിവില്‍ പൊലീസ് ഓഫീസര്‍ കെ അമൃത. കോവിഡ് മാനദണ്ഡം ഉറപ്പാക്കാന്‍ അംഗന്‍വാടി വര്‍ക്കര്‍ ഷോജ വിജയന്‍ എന്നിവരാണ് ബൂത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍. അഞ്ഞൂറിലധികം വോട്ടര്‍മാര്‍ ഈ ബൂത്തിലുണ്ട്.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.