കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന: അതീവ ജാഗ്രത പുലർത്തണം

2021-04-09 15:04:03

ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ കേസുകൾ ക്രമാതീതമായി വർദ്ധിക്കാനും മരണനിരക്ക് കൂടാനുമിടയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം അപകടകരമായ നിലയിൽ വർദ്ധിക്കാനിടയുണ്ടാകും. കഴിഞ്ഞ ഒരാഴ്ചത്തെ രോഗികളുടെ കണക്ക് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഏപ്രിൽ രണ്ടിന് 75 ഉം ഏപ്രിൽ മൂന്നിന് 81 ഉം, നാലിന് 99 ഉം അഞ്ചിന് 110 ഉം, ആറിന് 165 ഉം, ഏഴിന് 157 ഉം, എട്ടിന് 241 ഉം ആണ് ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം. ജില്ലയിലെ കോവിഡ് കേസുകൾ ക്രമാനുഗതമായി വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് മൂക്കും, വായും മൂടുന്ന വിധം മാസ്‌ക് ധരിക്കുക, മറ്റുള്ളവരിൽ നിന്നും അകലമുറപ്പാക്കുക, കൈകൾ അണുവിമുക്തമാക്കുക എന്നീ പ്രതിരോധ ശീലങ്ങൾ കർശനമായി പാലിക്കണം.

‘കോവിഡ് വന്ന് പോകും’ എന്ന ചിന്ത അങ്ങേയറ്റം അപകടകരമാണ്. വൈറസ് ഓരോരുത്തരിലുമുണ്ടാക്കുന്ന രോഗ തീവ്രത മുൻകൂട്ടി പറയാനാവില്ല. പ്രായമുള്ളവരിലും മറ്റ് രോഗങ്ങളുള്ളവരിലും കോവിഡ് മാരകമായേക്കാം. മാത്രമല്ല കോവിഡ് രോഗം ഭേദമായവരിൽ വിവിധ അവയവ വ്യവസ്ഥകളെ ഗുരുതരമായി ബാധിക്കുന്ന കോവിഡാനന്തര രോഗങ്ങളും കണ്ടുവരുന്നു. അതുകൊണ്ട് രോഗം പിടിപെടാതെ സൂക്ഷിക്കുന്നത് അവനവനോട് കാണിക്കുന്ന ഏറ്റവും വലിയ കരുതലാണ്. ഓരോ വ്യക്തിയുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണ്. സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിലൂടെ കുടുംബത്തിന്റെ സുരക്ഷയും സന്തോഷവുമാണ് സംരക്ഷിക്കുന്നത്. അതുകൊണ്ട് ആളുകൂടാനിടയുള്ള സാഹചര്യങ്ങളിൽ സ്വയം ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കുക.

മാസ്‌ക് സുരക്ഷിതമായി ധരിക്കുക. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവർ കൃത്യസമയത്ത് രണ്ടാമത്തെ ഡോസും സ്വീകരിക്കുക. കോവിഷീൽഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞ് 56 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് എടുക്കേണ്ടതാണ്. കോവാക്‌സിൻ ആദ്യഡോസ് സ്വീകരിച്ചവർ വാക്‌സിനെടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. 45 വയസ്സ് കഴിഞ്ഞവർ ഏറ്റവുമടുത്ത വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നും എത്രയും വേഗം വാക്‌സിൻ സ്വീകരിക്കുക. വാക്‌സിനെടുത്താലും മാസ്‌ക് ധരിക്കുക തുടങ്ങി പ്രതിരോധ മാർഗങ്ങൾ കർശനമായും പാലിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരും ഉദ്യോഗസ്ഥരും കോവിഡ് ടെസ്റ്റ് നടത്തി രോഗം ബാധിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.