ഞങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരേണ്ട ഗതികേടില്ല ; അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ബംഗ്ലാദേശ്

2021-04-15 15:05:53

സ്വന്തം രാജ്യത്ത് ഭക്ഷണം കഴിക്കാന്‍ പര്യാപ്തമല്ലാത്തതിനാല്‍, ബംഗ്ലാദേശിലെ പാവങ്ങള്‍ ഇന്ത്യയിലേക്ക് കുടിയേറുകയാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി. ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍ ഏറെ ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്ന സാഹചര്യത്തിലുള്ള ഇത്തരം പരാമര്‍ശങ്ങള്‍ സ്വീകാര്യമല്ലെന്നും അത് തെറ്റിധാരണ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത് ഷായുടെ ബംഗ്ലാദേശിനെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഇവിടെ ആരും പട്ടിണി കാരണം മരിക്കുന്നില്ല. രാജ്യത്തിന്റെ വടക്കല്‍ ജില്ലകളില്‍ ദാരിദ്ര്യവും പട്ടിണിയും നിലനില്‍ക്കുന്നില്ലെന്നും മോമിന്‍ പറഞ്ഞു. പല മേഖലകളിലും അമിത്?ൃ ഷായുടെ രാജ്യത്തേക്കാള്‍ ഏറെ മുന്നിലാണ് ബംഗ്ലാദേശ്, ബംഗ്ലാദേശിലെ 90 ശതമാനം ആളുകളും നല്ല ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നു, ഇന്ത്യയില്‍ 50 ശതമാനത്തിലധികം ആളുകള്‍ക്ക് ശരിയായ ശൗചാലയങ്ങളില്ല എന്നും മോമിന്‍ തുറന്നടിച്ചു.ബംഗ്ലാദേശില്‍ വിദ്യാസമ്പന്നര്‍ക്ക് ജോലി കുറവുള്ള സാഹചര്യമുണ്ടെങ്കിലും വിദ്യാഭ്യാസം കുറവുള്ളവര്‍ക്ക് അത്തരം ക്ഷാമമില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷത്തിലധികം ആളുകള്‍ ബംഗ്ലാദേശില്‍ ജോലി ചെയ്യുന്നുണ്ട്. നമുക്ക് ഇന്ത്യയിലേക്ക് പോവേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദാരിദ്ര്യം കാരണം ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ആളുകള്‍ ഒഴുകുന്നുവെന്ന് പറഞ്ഞ അമിത് ഷാ, പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ വിജയിപ്പിച്ചാല്‍, ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.