കതിരൂരിൽ വ്യാപക പൊലിസ് പരിശോധന : സ്ഫോടനം നടന്ന സ്ഥലത്തു നിന്നും യുവാവിൻ്റെ വിരലുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

2021-04-15 15:27:41

   കൂത്തുപറമ്പ് : ബോംബ് സ്ഫോടനം നടന്ന പശ്ചാത്തലത്തിൽകതിരുർ പൊലിസ് സ്റ്റേഷൻ പരിധിയിൽ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നിർദ്ദേശപ്രകാരം പൊലിസ് ബോംബുകൾക്കും ആയുധങ്ങൾക്കുമായി വ്യാപക പരിശോധന നടത്തി.

ഇതേ തുടർന്ന് കതിരൂർ ഏഴാംമൈലിൽ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ നിജേഷിന്റെ വിരലുകള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. വീട്ടുപരിസരത്ത് ബോംബു നിര്‍മാണത്തിനിടെയാണ് കതിരൂര്‍ നാലാംമൈലിലെ നിജേഷ് എന്ന മാരിമുത്തുവിന്റെ കൈപത്തി അറ്റുപോയത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മംഗളൂരുവിലെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍’ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും ഇന്ന് സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വിരലുകള്‍ കണ്ടെത്തിയത്.

സ്ഥലത്ത് തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നതായി പോലിസിന് മനസിലായി. ഇവിടെ മഞ്ഞള്‍പ്പൊടി വാരിവിതറിയ നിലയിലാണ്.ഇവിടെയുണ്ടായിരുന്ന കൂടുതല്‍ ബോംബുകള്‍ മാറ്റിയതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. തിരൂര്‍ നാലാം മൈലില്‍ ഒരു വീടിന്റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തി ചെയ്തതിന് അഞ്ചുപേര്‍ക്കെതിരേ കതിരൂര്‍ പോലിസ് കേസെടുത്തു. പ്രദേശത്ത് നിന്നും ഒരാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സി.പി.എമ്മിന്റെ ശക്തി കേന്ദ്രമാണ് കതിരൂരിലെ നാലാംമൈല്‍ പ്രദേശം.എന്നാല്‍ നിജേഷും ഒപ്പമുണ്ടായിരുന്നവരും ഏത് രാഷ്ട്രീയപ്പാര്‍ട്ടിയുടെ ആളുകളാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബോംബ് നിര്‍മിക്കുന്ന സമയത്ത് നിജേഷിൻ്റെ കൂടെ മറ്റാളുകൾ ഉണ്ടായിരുന്നതായി പൊലിസിന് വ്യക്തമായിട്ടുണ്ട്. ഇതായിരിക്കാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇ ളങ്കോ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.