പൊതുപരിപാടികളില്‍ പരമാവധി 50 മുതല്‍ 100 പേര്‍ വരെ മാത്രമേ ഇനി പങ്കെടുക്കാവൂ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

2021-04-15 15:36:33

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. പൊതുപരിപാടികളില്‍ പരമാവധി 50 മുതല്‍ 100 പേര്‍ വരെ മാത്രമേ ഇനി പങ്കെടുക്കാവൂ. സംസ്ഥാനത്ത് വിവാഹം,ഗൃഹപ്രവേശം, പൊതുപരിപാടികള്‍, എന്നിവയ്ക്ക് ഇനി മുന്‍കൂര്‍ അനുമതി വേണം. ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായവരോ, വാക്‌സീന്‍ രണ്ട് ഡോസും എടുത്തവരോ മാത്രമേ ഇനി ഷോപ്പിംഗ് മാളുകളിലും മാര്‍ക്കറ്റുകളിലും പ്രവേശിക്കാവൂ.സ്‌കൂള്‍ കുട്ടികള്‍ക്ക് ബസ് സൗകര്യം കൃത്യമായി ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. ട്യൂഷന്‍ സെന്ററുകളില്‍ ജാഗ്രത പുലര്‍ത്തണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന അടിയന്തരയോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും ഉന്നതപൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.രണ്ടരലക്ഷം പേര്‍ക്ക് നാളെയും മറ്റന്നാളുമായി കോവിഡ് പരിശോധന നടത്താനാണ് തീരുമാനം. ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തുക, ഏറ്റവും കൂടുതല്‍ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലകളിലൊന്നായ എറണാകുളത്താണ്. 30,900 പേരെ രണ്ട് ദിവസം കൊണ്ട് പരിശോധിക്കാനാണ് തീരുമാനം. മാസ് പരിശോധനയില്‍ ആദ്യം പരിഗണന നല്‍കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണവുമായും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കാകും.

സംസ്ഥാനത്ത് കൂടുതല്‍ വാക്‌സീന്‍ എത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനമായി. വാക്‌സീന്‍ കിട്ടുന്ന മുറയ്ക്ക് മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ വിപുലീകരിക്കും. ഒരു ദിവസം രണ്ടര ലക്ഷം വരെ പേര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തെ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗങ്ങളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാനും ധാരണയായി.

പ്രാദേശിക തലത്തില്‍ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ആലോചന.ഈ മാസം 19 മുതല്‍ കൂടുതല്‍ മാസ് വാക്‌സിന്‍ വിതരണകേന്ദ്രങ്ങള്‍ സജ്ജമാക്കും.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.