ഏപ്രിൽ 16, 17 തീയതികളിൽ കേരളത്തിൽ രണ്ടര ലക്ഷം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും

2021-04-16 16:01:04

തിരുവനന്തപുരം: ഏപ്രിൽ 16, 17 തീയതികളിൽ കേരളത്തിൽ രണ്ടര ലക്ഷം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻനിര തൊഴിലാളികൾ, പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്നവർ, ട്രാൻസ്‌പോർട്ട് തൊഴിലാളികൾ, ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവരിൽ പരിശോധന നടത്തും. ഇതോടൊപ്പം വാക്‌സിനേഷനുകളുടെ എണ്ണവും വർധിപ്പിക്കും.

കേരളത്തിൽ 50 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിക്കഴിഞ്ഞു. നിലവിൽ 7,27,300 ഡോസ് വാക്‌സിനുകൾ സ്റ്റോക്കുണ്ട്. കൂടുതൽ ഡോസുകൾ കേരളത്തിലെത്തിക്കുന്നതിന് മുഖ്യമന്ത്രി തലത്തിൽ കേന്ദ്രത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. ജനപങ്കാളിത്തത്തോടെ കോവിഡ് നിയന്ത്രണങ്ങൾ കേരളത്തിൽ നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. അടച്ചിട്ട മുറികളിൽ നടക്കുന്ന പരിപാടികളിൽ 75 പേരെയും തുറസായ സ്ഥലത്തെ പരിപാടികളിൽ 150 പേരെയും പങ്കെടുപ്പിക്കാം.

ട്യൂഷൻ ക്‌ളാസുകൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു നടത്തണം. ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം. ഇത് കച്ചവട സ്ഥാപനങ്ങളിലെ തിരക്ക് ഒഴിവാക്കാൻ സഹായിക്കും. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ നടക്കുന്ന പരിപാടികളെ സംബന്ധിച്ച് അധികൃതരെ അറിയിക്കണം. ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.