കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം -കളക്ടര്‍

2021-04-17 14:19:10

വയനാട്: കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് സ്വയം നിയന്ത്ര ണവും ജാഗ്രതയും അനിവാര്യമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു. ആദ്യ ഘട്ടത്തെ അപേക്ഷിച്ച് രോഗം ബാധിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ടാം തരംഗത്തില്‍ കാണപ്പെടുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് മൂലം രോഗ ലക്ഷണങ്ങളിലും പ്രകടമായ മാറ്റമാണ് ഉളളത്.

ചെറുപ്പക്കാരിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഈ ഘട്ടത്തില്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രോഗ വ്യാപനം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുളളതിനാല്‍ വരുന്ന നാല് ആഴ്ച്ചകള്‍ നിര്‍ണ്ണായകമാണ്. ഈ ഘട്ടത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തുന്നതോടൊപ്പം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലയിലെ വാക്‌സിനേഷന്‍ നടപടികള്‍ നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ട്. അര്‍ഹരായ ജനവിഭാഗങ്ങളില്‍ 38 ശതമാനം പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കി കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നാല്‍പത്തിയഞ്ച് വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ മതിയായ അളവില്‍ വാക്‌സിന്‍ സ്റ്റോക്കുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുപ്പതിനായിരത്തോളം വാക്‌സിനുകള്‍ നിലവില്‍ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്. അഞ്ച് ദിവസത്തേക്ക് കൂടി വാക്‌സിന്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിനുകള്‍ എത്തുമെന്നും അവര്‍ പറഞ്ഞു.

ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു

കോവിഡ് രണ്ടാം തരംഗത്തില്‍ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.26 ശതമാനമായി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുളള പഞ്ചായത്ത് തിരുനെല്ലിയാണ് (20.03 ശതമാനം). കണിയാമ്പറ്റ, നെന്‍മേനി, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി, അമ്പലവയല്‍ പഞ്ചായത്തുകളില്‍ 10-12 ശതമാനം വരെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൂടുതല്‍ രോഗബാധിതര്‍ സുല്‍ത്താന്‍ ബത്തേരി (157), മാനന്തവാടി (111), നെന്‍മേനി (109), മേപ്പാടി ( 105), കല്‍പ്പറ്റ (92) ഗ്രാമപഞ്ചായത്തുകളിലാണ്.

പടിഞ്ഞാറത്തറ കാപ്പിക്കുന്ന് (വാര്‍ഡ് 15), പൂതാടി കല്ലൂര്‍കുന്ന് (വാര്‍ഡ് 10), പൊഴുതന ഇ.എം.എസ് കോളനി എന്നിവയാണ് ജില്ലയിലെ മൂന്ന് കോവിഡ് ക്ലസ്റ്ററുകള്‍. നിലവില്‍ 1923 പേരാണ് ചികിത്സയിലുള്ളത്. വെള്ളി, ശനി ദിവസങ്ങളിലായി 6500 പേരെ പരിശോധിക്കുന്നതിനുളള ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുളളത്.

നിരീക്ഷണം ശക്തമാക്കും

രോഗം നിയന്ത്രിക്കുന്നതിനായി കോവിഡ് കൂട്ടപ്പരിശോധന, കൂടുതല്‍ പേര്‍ക്ക് വേഗത്തില്‍ വാക്സിന്‍ ലഭ്യമാക്കുക എന്നിവയ്ക്ക് പുറമെ നിരീക്ഷണം ശക്തമാക്കാനും തീരുമാനം. പൊതുഇടങ്ങളില്‍ പരിശോധന ശക്തമാക്കുന്നതിനായി പോലീസ് സേനയുടെ അംഗബലത്തിന്റെ മൂന്നില്‍ ഒരു വിഭാഗം ജീവനക്കാരെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തവര്‍, മാസ്‌ക് കൃത്യമായി ധരിക്കാത്തവര്‍ എന്നിവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. പൊതുവാഹനങ്ങളില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. ഹോട്ടലുകളിലെ പാര്‍സല്‍ സൗകര്യം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. പൊതുയിടങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്. കടകള്‍, പൊതുവാഹനങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം, മരണം, പൊതു യോഗങ്ങള്‍ തുടങ്ങിയവയിലും കോവിഡ് മാനദണ്ഡം പാലിക്കാതിരുന്നാല്‍ നിയമ നടപടി സ്വീകരിക്കും.

കൂട്ട പരിശോധനയില്‍ പങ്കാളികളാകണം

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ശനിയാഴ്ച്ച നടക്കുന്ന കൂട്ടപ്പരിശോധനയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രവര്‍ത്തിച്ചവര്‍ പരിശോധനയില്‍ സ്വമേധയാ പങ്കാളികളാകണം. വ്യാപാരികള്‍, ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ എന്നിവരെയും ഇതിന്റെ ഭാഗമായി പരിശോധിക്കും. രോഗലക്ഷണമുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും ലക്ഷണം ഇല്ലാത്തവര്‍ക്ക് ആന്റിജന്‍ പരിശോധനയുമാണ് സൗജന്യമായി നടത്തുന്നത്. വരു ദിവസങ്ങളില്‍ വാക്സിന്‍ നല്‍കുന്നതിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കും. 30,000 ഡോസ് വാക്സിന്‍ സ്റ്റോക്കുണ്ട്. വാക്സിന്‍ ക്ഷാമം നിലവില്‍ ജില്ലയില്‍ ഇല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.