കോവിഡ് പ്രതിരോധത്തിന് സര്‍വ്വകക്ഷി പിന്തുണ

2021-04-17 14:22:27

വയനാട്: കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വകക്ഷി നേതാക്കളുടെ പൂര്‍ണ പിന്തുണ. പൊതു ഇടങ്ങളിലും വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലും മറ്റും ആളുകള്‍ കൂടിച്ചേരുന്നത് പരമാവധി നിരുത്സാഹപ്പെടുത്താനും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നത് ഉറപ്പാക്കാനും ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയ, മത, സമുദായ സംഘടന നേതാക്കളുടെ യോഗം തീരുമാനിച്ചു.

കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഒരു ഘട്ടത്തില്‍ ജാഗ്രത കുറവ് വന്നതായി യോഗം വിലയിരുത്തി. കോവിഡ് പ്രതിരോധ ത്തില്‍ ജില്ല ആദ്യ ഘട്ടത്തില്‍ കൈവരിച്ച നേട്ടങ്ങളെ നിലനിര്‍ത്തുന്നതില്‍ സംഭവിച്ച പിഴവുകള്‍ തിരിച്ചറിഞ്ഞ് പ്രതിരോധത്തിന്റെ പ്രാഥമിക പാഠങ്ങളായ പൊതു ഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ ആരോഗ്യ സുരക്ഷ കാര്യങ്ങളിലേക്ക് എല്ലാവരും മടങ്ങണം.കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കു ന്നുണ്ടെന്ന് ഉറപ്പാക്കമെന്നും യോഗം ജില്ലാ ഭരണകൂടത്തിനോട് നിര്‍ദ്ദേശിച്ചു.

ജില്ലയിലെ വാക്‌സിനേഷന്‍ നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തണം. ആവശ്യമെങ്കില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നതിന് തങ്ങളുടെ കീഴിലുളള സ്ഥാപനങ്ങളും സൗകര്യങ്ങളും വിട്ട് നല്‍കാന്‍ തയ്യാറാണ്. വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവരെ ബോധവല്‍ക്കരിക്കണം. ഇക്കാര്യങ്ങളില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും സംഘടന നേതാക്കാള്‍ അറിയിച്ചു. സര്‍വ്വകക്ഷി യോഗത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തില്‍ എടുത്ത് പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

യോഗത്തില്‍ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ്, ഡി.എം.ഒ ഡോ. ആര്‍.രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.