ഉത്സവപ്പറമ്പില്‍ മുസ്ലീങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച്‌ ബോര്‍ഡ് ; വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് ക്ഷേത്രം കമ്മിറ്റി

2021-04-17 14:27:24

പയ്യന്നൂർ : മത സൗഹാര്‍ദ്ദത്തിന് പേരുകേട്ടതാണ് വടക്കന്‍ മലബാറിലെ കാവ് ഉത്സവങ്ങള്‍. കളിയാട്ട കാവുകളില്‍ ജാതി മത പരിഗണനകള്‍ക്കതീതമായി ആളുകള്‍ ഒത്തുകൂടാറുണ്ട് താനും.എന്നാൽ ഇപ്പോഴിതാ ഉത്സവപ്പറമ്പിൽ മുസ്ലീങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച്‌ ക്ഷേത്രകമ്മറ്റിയുടെ ബോര്‍ഡ് വിവാദമാവുകയാണ്.വിഷു വിളക്ക് ഉത്സവത്തിൽ കണ്ണൂര്‍ കുഞ്ഞിമംഗലം മല്യോട്ട് പാലോട്ട്കാവ് ക്ഷേത്രകമ്മിറ്റിയുടെ വിവേചനപരമായ നിലപാടിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ അടക്കം പ്രതിഷേധം കനക്കുകയാണ്.

വർഷങ്ങളായി ഈ ബോർഡ് നിലവിലുണ്ടെങ്കിലും കഴിഞ്ഞദിവസമാണ് സമൂഹമാധ്യമങ്ങളിൽ ചിലരിത് പോസ്റ്റ് ചെയ്യുകയും അതേക്കുറിച്ച് ചേരിതിരിഞ്ഞ് വിവാദം ഉടലെടുക്കുകയും ചെയ്തത്.സി.പി.എം ശക്തികേന്ദ്രമായ കുഞ്ഞിമംഗലത്ത് ക്ഷേത്ര കമ്മിറ്റിയിലെ ബഹുഭൂരിപക്ഷവും പാർട്ടിയുമായി ബന്ധപ്പെട്ടവരാണ്.കേരളത്തിൽ മതേതര ഐക്യത്തിനുവേണ്ടി നിലകൊള്ളുകയും സാമൂഹ്യനവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്തുടർച്ച അവകാശപ്പെടുകയും ചെയ്യുന്ന പാർട്ടിയുമായി ബന്ധപ്പെട്ടവർ നേതൃത്വം നൽകുന്നവർ കമ്മിറ്റിയിൽ നിലനിൽക്കെ ഇത്തരമൊരു ബോർഡ് നീക്കം ചെയ്യാത്തതാണ് വിവാദത്തിന് ഇടയാക്കിയത്.സി.പി.എം പയ്യന്നൂർ ഏരിയാ കമ്മിറ്റിയംഗവും എസ്.എ ഫ്.ഐ നേതാവുമായ അഡ്വ. സരിൻ ശശി ബോർഡ് നീക്കം ചെയ്യാത്തതിനെ രൂക്ഷമായി വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. ഇതിനെ അനുകൂലിച്ച് നിരവധി പേർ രംഗത്തുവന്നു. എന്നാൽ സരിൻ ശശിയുടെ പോസ്റ്റിനെ പ്രതികൂലിച്ചും ചിലർ രംഗത്തുവന്നിട്ടുണ്ട്.ഉത്സവകാലത്ത് ക്ഷേത്രപ്പറമ്പിൽ മുസ്ലിങ്ങൾ വന്നാൽ കല നടിയും മറ്റും രൂക്ഷമാകുന്നുവെന്നാണ് ബോർഡുവെച്ച തിനെ ന്യായീകരിക്കുന്നവർ ഉയർത്തുന്ന വാദം. എന്നാൽ പാലോട്ടുകാവിനെക്കാൾ വലിയ തോതിലുള്ള ഉത്സവവവും കലാപരിപാടികളും നടക്കുന്ന കാവുകളിൽ ഇത്തരം ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്നും അവിടങ്ങളിലൊന്നും യാതൊരു പ്രശ്നങ്ങളും ഉണ്ടാകുന്നില്ലെന്നും ബോർഡ് വെച്ചതിനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.