ബിറ്റ് കോയിൻ ഇടപാടിൽ പത്ത് ലക്ഷം നഷ്ടപ്പെട്ട ബാങ്ക് ജീവനക്കാരി വിഷം കഴിച്ചു മരിച്ചു

2021-04-23 15:20:28

കാസർഗോഡ് (നീലേശ്വരം): ബിറ്റ് കോയിൻ ഇടപാടിൽ നിക്ഷേപിച്ച ലക്ഷങ്ങൾ നഷ്ടപ്പെട്ട യുവതി എലിവിഷം കഴിച്ച് ജീവനൊടുക്കി. മീനാപ്പീസ് കടപ്പുറത്തെ പ്രസാദിന്റെ ഭാര്യ ഷുഷിലയാണ്(39) മരിച്ചത്.

കാനറ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരിയായ ഷുഷില ഇന്റര്‍നെറ്റ് സാമ്പത്തിക ഇടപാടായ ബിറ്റ്‌കോയിന്‍ വഴി നിരവധിപേരെ കണ്ണികളാക്കി ചേര്‍ത്തിരുന്നു. ആളുകളില്‍ നിന്നും പിരിച്ചെടുത്ത പണം ബിറ്റ്‌കോയിനായി നിക്ഷേപിച്ചിരുന്നുവെങ്കിലും സാങ്കേതിക പിഴവില്‍ വന്‍തുക നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.    ഷുഷില മുഖേന നിരവധിപേര്‍ ബിറ്റ്‌കോയില്‍ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നുള്ള വരുമാനം കിട്ടാതെയായപ്പോള്‍ അന്വേഷിച്ചപ്പോഴാണ് സാങ്കേതിക പിഴവിലൂടെ പണം നഷ്ടപ്പെട്ടതായി അറിയുന്നത്. ഏതാണ്ട് 10ലക്ഷത്തോളം രൂപ ഷുഷിലക്ക് ലഭിക്കാനുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ നിക്ഷേപം നടത്തിയവര്‍ പണം തിരികെ ആവശ്യപ്പെട്ടു തുടങ്ങിയതോടെ നാലുദിവസം മുമ്പ് ഷുഷീല ജ്യൂസില്‍ എലിവിഷം കലര്‍ത്തി കുടിക്കുകയായിരുന്നു. ഇതോടെ കടുത്ത വയറുവേദന അനുഭവപ്പെട്ട ഷുഷിലയെ ആശുപത്രിയില്‍ കാണിക്കുകയും മരുന്ന് നല്‍കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെ അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു.ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് താന്‍ രണ്ടുദിവസം മുമ്പ് എലിവിഷം കഴിച്ചതായി ബന്ധുക്കളോട് വെളിപ്പെടുത്തിയത്. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മീനാപ്പീസ് കടപ്പുറത്തെ ബാലന്‍-വിമല ദമ്പതികളുടെ മകളാണ്. മക്കള്‍: അദ്വൈദ്, ആരവ്. സഹോദരങ്ങള്‍: സുജല, സുനില, സുജിത്ത്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.