കുമ്പഴ മാര്‍ക്കറ്റ് ജില്ലാ കളക്ടറും എസ്.പിയും നഗരസഭാ ചെയര്‍മാനും സന്ദര്‍ശിച്ചു

2021-04-29 13:25:36

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വരുന്ന ഒരു മാസത്തേക്ക് വീട്ടില്‍ തന്നെ ഇരിക്കുന്നതിനുള്ള ശ്രമം എല്ലാവരുടേയും ഭാഗത്തു നിന്നുണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അഭ്യര്‍ഥിച്ചു. ജനങ്ങള്‍ അധികം തടിച്ചുകൂടുന്ന കുമ്പഴ മാര്‍ക്കറ്റ് ജില്ലാ പോലീസ് മേധാവി, നഗരസഭാ ചെയര്‍മാന്‍ എന്നിവര്‍ക്കൊപ്പം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടം ജനങ്ങള്‍ പരമാവധി ഒഴിവാക്കണം. പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ് എന്നിവര്‍ പഞ്ചായത്ത് തലത്തില്‍ യോഗം ചേര്‍ന്ന് ആള്‍ക്കൂട്ടം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സുരക്ഷ ശക്തമാക്കണം. ഇതിന് ജനങ്ങളുടെ സഹകരണമുണ്ടാകണം. കുമ്പഴ മാര്‍ക്കറ്റില്‍ ആളുകൂടുന്നത് ഒഴിവാക്കാന്‍ പോലീസിന്റെ നേതൃത്വത്തില്‍ ടോക്കണ്‍ സംവിധാനമൊരുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

കുമ്പഴ മാര്‍ക്കറ്റില്‍ പ്രവേശനത്തിന് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. 50 പേര്‍ക്കായിരിക്കും ഒരേസമയം പ്രവേശനം അനുവദിക്കുക. ചന്തയിലെ തിരക്ക് നിയന്ത്രിക്കല്‍, അകത്തേക്ക് കടക്കുന്നതിനുള്ള വഴിയും പുറത്തേക്കുള്ള വഴിയും പോലീസ് നിയന്ത്രിക്കും. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും.

കണ്ടെയ്ന്‍മെന്റ് സോണുകളിലും ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കും. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, പത്തനംതിട്ട ഡി.വൈ.എസ്.പി:എ.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.