വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ കോവിഡ് പ്രതിരോധത്തിന് മാർഗനിർദേശങ്ങളായി

2021-04-29 13:30:19

വോട്ടെണ്ണൽ ദിവസം വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധത്തിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൃത്യമായ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട നോഡൽ ഓഫീസർ. ഇതിന് നോഡൽ ഹെൽത്ത് ഓഫീസറുടെ സഹായവുമുണ്ടാകും.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കോവിഡ് മാർഗനിർദേശങ്ങളനുസരിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായുള്ള സർട്ടിഫിക്കറ്റ് അതത് ആരോഗ്യ അധികൃതരിൽനിന്ന് നേടിയിരിക്കണം.

48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ/ആർ.എ.ടി ടെസ്റ്റ് നെഗറ്റീവ് ആയതിന്റെ ഫലമോ, രണ്ടുഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാർഥികളേയോ ഏജന്റുമാരേയോ വോട്ടെണ്ണൽ ഹാളിൽ കയറാൻ അനുവദിക്കില്ല. സ്ഥാനാർഥികൾക്കും കൗണ്ടിംഗ് ഏജന്റുമാർക്കും വോട്ടെണ്ണൽ ദിനത്തിന് മുമ്പ് ആർ.ടി.പി.സി.ആർ/ ആർ.എ.ടി ടെസ്റ്റ് നടത്താനുള്ള സൗകര്യം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ഒരുക്കണം. കൗണ്ടിംഗ് ഏജന്റുമാരുടെ പട്ടിക സ്ഥാനാർഥികൾ വോട്ടെണ്ണൽ ദിവസത്തിന് മൂന്നുദിവസം മുമ്പ് വരണാധികാരികൾക്ക് നൽകണം. വോട്ടെണ്ണൽ സമയത്ത് കേന്ദ്രത്തിന് പുറത്ത് പൊതുജനങ്ങൾ കൂട്ടംകൂടാൻ അനുവദിക്കില്ല. സാമൂഹ്യ അകലം, വായു സഞ്ചാരം തുടങ്ങിയ ഉറപ്പാക്കുംവിധം ജനലുകൾ, എക്‌സ്ഹോസ്റ്റ് ഫാനുകൾ ഉൾപ്പെടെയുള്ള വിശാലമുള്ള ഹാളുകളിലായിരിക്കണം വോട്ടെണ്ണൽ.

വോട്ടെണ്ണലിന് മുമ്പും ശേഷവും ഹാൾ അണുനശീകരിക്കണം.
ഇ.വി.എം/വി.വി.പാറ്റ് എന്നിവയുടെ സീൽചെയ്ത പെട്ടികളും അണുനശീകരിക്കാൻ സാനിറ്റൈസ് ചെയ്യണം. ഹാളിന്റെ വിസ്തൃതിയും അനുസരിച്ചാകണം കൗണ്ടിംഗ് ടേബിളുകൾ അനുവദിക്കാൻ. അതനുസരിച്ച് മൂന്നോ, നാലോ ഹാളുകളിലായി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരെ നിയോഗിച്ച് വേണം ഓരോ മണ്ഡലത്തിലും വോട്ടെണ്ണൽ. ഹാളിന്റെ പ്രവേശനകവാടത്തിൽ തെർമൽ സ്‌കാനിംഗ്, സാനിറ്റൈസർ/സോപ്പും വെള്ളവും എന്നിവ ഒരുക്കണം. കോവിഡ് ലക്ഷണങ്ങളായ പനി, ജലദോഷം തുടങ്ങിയവ ഉള്ളവരെ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.

കോവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണെങ്കിൽ കൗണ്ടിംഗ് ഏജന്റുമാരെ മാറ്റാൻ സ്ഥാനാർഥികൾക്ക് അവസരമുണ്ടാകും. സാമൂഹ്യ അകലം പാലിച്ച് വേണം ഹാളിനുള്ളിൽ സീറ്റുകൾ ഒരുക്കാൻ. കൗണ്ടിംഗ് ഏജന്റുമാർക്കും സ്ഥാനാർഥികൾക്കുമുള്ള പി.പി.ഇ കിറ്റ് ആവശ്യത്തിന് ഉണ്ടാകണം. മാസ്‌ക്, സാനിറ്റൈസർ, ഫേസ് ഷീൽഡ്, ഗ്ളൗസ് എന്നിവ എല്ലാ കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കും നൽകണം. തപാൽ ബാലറ്റുകൾ എണ്ണാൻ കൂടുതൽ എ.ആർ.ഒമാരെ നിയോഗിക്കണം. ആവശ്യമെങ്കിൽ തപാൽ ബാലറ്റുകൾ പ്രത്യേക ഹാളിൽ എണ്ണണം.
കോവിഡ് സംബന്ധ മാലിന്യങ്ങളായ മാസ്‌ക്, ഫേസ് ഷീൽഡ്, പി.പി.ഇ കിറ്റ്, ഗ്‌ളൗസ് എന്നിവ ഉപയോഗശേഷം സംസ്‌കരിക്കാൻ കൃത്യമായ സംവിധാനം വേണം.
വോട്ടെണ്ണൽ ഹാളിലേക്കുള്ള പ്രവേശനകവാടത്തിലും ഹാളിനുള്ളിലുമുൾപ്പെടെ മാനദണ്ഡങ്ങളിൽ ചെയ്യേണ്ടവ, ചെയ്യരുതാത്തത് എന്ന നിലയിൽ പ്രദർശിപ്പിക്കണം.

ഇതിനുപുറമേ, വിജയാഹ്ളാദ ഘോഷയാത്ര വോട്ടെണ്ണലിന് ശേഷം അനുവദിക്കുന്നതല്ല. വിജയിച്ച സ്ഥാനാർഥിക്കൊപ്പം രണ്ടുപേരിൽ കൂടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനായി വരണാധികാരിക്ക് മുന്നിലെത്താൻ പാടില്ല. മേൽസൂചിപ്പിച്ച മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ദുരന്ത നിവരണ ആക്ട് 2005 ലെ 51 മുതൽ 60 വരെയുള്ള സെക്ഷനുകൾ പ്രകാരവും ഐ.പി.സി സെക്ഷൻ 188 പ്രകാരവും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2020 ജൂലൈ 29 ലെ ഉത്തരവ് പ്രകാരമുള്ള മറ്റു നടപടികളും ഉൾപ്പെടെ നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഈ മാർഗനിർദേശങ്ങൾ കർശനമായി നടപ്പിൽ വരുത്തുന്നതായി ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും എല്ലാ ജില്ലാ കളക്ടർമാർക്കും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.