കൊവിഡ് വാക്സിനെടുക്കുന്നതിന് മുൻപ് രക്തം നൽകാം: പുതുമാതൃകയുമായി ജനകീയ കൂട്ടായ്മ

2021-04-29 13:42:18

കണ്ണൂർ : കോവിഡ് വാക്സിനെടുക്കുന്നതിന് മുമ്പ് യുവാക്കൾ രക്തദാനം നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി, ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെൻററിന് നൽകിയ മൊബൈൽ ബ്ലഡ് ബാങ്ക് കളക്ഷൻ യൂനിറ്റിൻ്റെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച അഴീക്കോട് ചെമ്മരശ്ശിപ്പാറയിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ലയൺസ് ക്ലബ്ബ് ഓഫ് കാനന്നൂർ ലൂം സിറ്റിയുടെയും അഴീക്കോട് യുവധാര ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. 39 ലക്ഷം രൂപ ചെലവിലാണ് ഈ യൂനിറ്റ് ഉൾപ്പെടുന്ന ബസ് വാങ്ങി നൽകിയത്. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.നാളെ നടക്കുന്ന പരിപാടി ലയൺസ് ഡിസ്ക്ട്ഗവർണർ ഡോ.ഒ.വി.സനൽ ഉദ്ഘാടനം ചെയ്യും. അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് അജീഷ്.കെ ആദ്യ രക്തദാതാവാവും. നാല് പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന യുവധാര ക്ലബ്ബ്, ലയൺസ് ക്ലബ്ബുമായി സഹകരിച്ച് ആംബുലൻസ് സർവ്വീസ്, മൊബൈൽ മോർച്ചറി ഫ്രീസർ സർവീസ് എന്നിവ ഒരു വർഷമായി നടത്തി വരുന്നു.പാലിയേറ്റീവ് കെയർ സെൻ്റർ, ജന സേവന കേന്ദ്രം തുടങ്ങിയവയും ക്ലബ്ബിൻ്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു.ഉദ്ഘാടനത്തോടനുബന്ധിച്ച് 100 പാലിയേറ്റീവ് രോഗികളുടെ കുടുംബാംഗങ്ങൾക്ക് സൗജന്യ കിറ്റ് വിതരണവും നടത്തും. കണ്ണൂർ ജില്ലയിൽ എവിടെയും ചെന്ന് രക്തം ശേഖരിക്കാനുള്ള സംവിധാനം ഈ യൂനിറ്റിലുണ്ട്.ലയൺസ് ക്ലബ്ബ് ഓഫ് കാനന്നൂർ ലൂം സിറ്റി പ്രസിഡണ്ട് പി.പ്രസാദ്, ട്രഷറർ ബിജേഷ് നമ്പ്യാർ, യുവധാര ക്ലബ്ബ് പ്രസിഡണ്ട് ശ്രീജിത്ത്. ടി.വി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.