വി.വി. പ്രകാശ് സാമൂഹ്യ മണ്ഡലത്തിലെ ജനകീയൻ : സതീശൻ പാച്ചേനി

2021-04-29 13:51:30

കണ്ണൂർ : വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലൂടെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ നടത്തി ഉയർന്നുവന്ന മാതൃകാ പൊതു പ്രവർത്തകനും സാമൂഹ്യ മണ്ഡലത്തിലെ ജനകീയനുമാണ് അന്തരിച്ച മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശെന്ന് സതീശൻ പാച്ചേനി പറഞ്ഞു.

കെ.എസ്‌.യു പ്രവർത്തകനായിരിക്കുമ്പോൾ തുടങ്ങിയ വി.വി പ്രകാശുമായുള്ള ബന്ധം കൂടപ്പിറപ്പുകളെപോലെ ഒരേമനസ്സോടെ മുന്നോട്ടു പോകാൻ കഴിഞ്ഞിരുന്നു.കണ്ണൂരിനും മലപ്പുറത്തിനും പുറത്ത് പാർട്ടി യോഗങ്ങൾ നടക്കുമ്പോഴും സംഘടനാപരവും സാമൂഹ്യപരവുമായ മറ്റു യാത്രകൾ ഉണ്ടാകുമ്പോഴും എന്നും ഞങ്ങൾ ഒരുമിച്ചായിരുന്നു എവിടെയും പോകാറുള്ളത്.    തിരുവനന്തപുരത്ത് ആയാലും മറ്റ് ജില്ലകളിലൊക്കെ പോകുമ്പോഴായാലും എല്ലായിപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു, പതിറ്റാണ്ടുകളുടെ ഇഴയടുപ്പത്തിനിടയിൽ ഒരു റൂമിൽ താമസിച്ച് മാത്രമേ ഞങ്ങൾ വ്യക്തിപരമായ യാത്രകൾ പോലും നടത്താറുണ്ടായിരുന്നുള്ളു.

1987 മുതൽ കെ.എസ്‌.യു പ്രവർത്തന കാലഘട്ടങ്ങളിൽ തുടങ്ങിയതായിരുന്നു ഞങ്ങളുടെ ആത്മബന്ധം. ലാളിത്യവും ആദർശ നിലപാടുകളും മുറുകെപ്പിടിച്ച് അടിസ്ഥാനവർഗ്ഗ ജനവിഭാഗത്തിന്റെ മനസ്സറിഞ്ഞ് എന്നും ജനകീയനായി പ്രവർത്തിക്കുന്ന ശൈലിക്ക് ഉടമയായിരുന്നു വി വി പ്രകാശ്.

ഉന്നതമായ മാനവിക വീക്ഷണവും പുരോഗമന കാഴ്ചപ്പാടും ഉയർത്തിപ്പിടിച്ച് സാംസ്ക്കാരിക മണ്ഡലങ്ങളിലും സജീവസാന്നിധ്യമായി വിശാലമായ കാഴ്ചപ്പാടോടുകൂടി ജനസേവനം നടത്തിയിരുന്ന അദ്ദേഹം വിവിധ കർമ്മമണ്ഡലങ്ങളിൽ പ്രവർത്തിക്കുമ്പോഴെല്ലാം ജനമനസ്സറിഞ്ഞ് മാത്രമേ ഇടപെട്ടിരുന്നുള്ളൂ

കര്‍ഷക കുടുംബത്തിൽ ജനിച്ച് എടക്കര ഗവൺമെന്‍റ് ഹൈസ്കൂളിലും ചുങ്കത്തറ എം.പി.എം ഹൈസ്കൂളിലുമായി സ്കൂള്‍ പഠനം നടത്തി മമ്പാട് എം.ഇ.എസ് കോളേജിലും മഞ്ചേരി എൻ.എസ്.എസ് കോളേജിലും, കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജിലുമായി ഉന്നത വിദ്യാഭ്യാസം നേടി പൊതു പ്രവർത്തനം ജീവിത വ്രതമാക്കി മാറ്റിയ പ്രകാശ് നന്മയുടെ പ്രതിരൂപമായിരുന്നു.

ഹൈസ്കൂള്‍ പഠന കാലത്ത് തന്നെ കെ.എസ്.യു പ്രവര്‍ത്തകനായി ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികളും വഹിച്ചു.

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രസിഡന്റായ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും , കെ മുരളീധരൻ എം.പിയും പ്രസിഡന്റായ കെപിസിസി കമ്മിറ്റികളില്‍ സെക്രട്ടറിയായും പ്രവർത്തിച്ച് വി വി പ്രകാശ് നാലു വര്‍ഷം മുമ്പ് മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡന്റായി നിയമിതനായി.

സംഘടനാ പദവികള്‍ക്കിടെ കോഴിക്കോട് സര്‍വ്വകലാശാല സെനറ്റ് അംഗം, കെ എസ് ആര്‍ ടി സി ഡയരക്ടര്‍, എഫ് സി ഐ അഡ്വൈസറി ബോര്‍ഡ് അംഗം, ഫിലിം സെൻസര്‍ ബോര്‍ഡ് അംഗം, എടക്കര ഗ്രാമ പഞ്ചായത്ത് അംഗം, എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും സ്തുത്യർഹമായി പ്രവർത്തിച്ചു.നേരിന്റെ ശബ്ദമായി നന്മയുടെ പ്രതിരൂപമായി പൊതുപ്രവർത്തകർക്ക് മാതൃകയായി കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മലപ്പുറത്തെ ജനകീയ മുഖമായി വളർന്ന ജനസേവകനെയാണ് നാടിന് അകാലത്തിൽ നഷ്ടപ്പെട്ടതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.