വിജയാഹ്ലാദ പ്രകടനം പാടില്ല

2021-04-30 13:28:14

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു പുറത്തും ജില്ലയുടെ മറ്റു ഭാഗങ്ങളിലും യാതൊരു വിജയാഹ്ലാദ പ്രകടനങ്ങളോ ആൾക്കൂട്ടമോ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഇക്കാര്യത്തിൽ ജില്ലയിലെ രാഷ്ട്രീയ കക്ഷികളും സംഘടനകളും പൂർണ സഹകരണവും പിന്തുണയും നൽകണമെന്നും കളക്ടർ അഭ്യർഥിച്ചു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കു പ്രവേശിക്കുന്ന മുഴുവൻ ആളുകൾക്കും ആർ.ടി.പി.സി.ആർ, ആന്റിജൻ തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തിയ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റോ നിർബന്ധമാണ്. കൗണ്ടിങ് ഉദ്യോഗസ്ഥർക്കും കൗണ്ടിങ് ഏജന്റുമാർക്കും സ്ഥാനാർഥികൾക്കും ചീഫ് ഏജന്റുമാർക്കും ഇതു ബാധകമാണ്. ആന്റിജൻ പരിശോധനയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എല്ലാ മണ്ഡലങ്ങളിലും പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
വോട്ടെണ്ണലിനു മുൻപും ശേഷവും ഹാളുകൾ അണുനശീകരണം നടത്തും. ഹാളിന്റെ പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനിങ് സംവിധാനം , സാനിറ്റൈസർ എന്നിവ ഉണ്ടാകും. കോവിഡ് ലക്ഷണങ്ങളായ പനി, ജലദോഷം തുടങ്ങിയവയുണ്ടെങ്കിൽ കൗണ്ടിങ് ഹാളിലേക്കു പ്രവേശിപ്പിക്കില്ല. കൗണ്ടിങ് ഏജന്റുമാർക്ക് കോവിഡ് പോസിറ്റിവാകുന്ന സാഹചര്യമുണ്ടായാൽ പകരം മറ്റൊരാളെ ഏജന്റായി വയ്ക്കാൻ സ്ഥാനാർഥിക്ക് അവസരമുണ്ടാകും. സാമൂഹിക അകലം പാലിച്ചാകും വോട്ടെണ്ണൽ ഹാളിൽ സീറ്റുകൾ ക്രമീകരിക്കുന്നത്. ഓരോ ഹാളിലും സജ്ജീകരിക്കുന്ന ടേബിളുകളുടെ മധ്യ ഭാഗത്ത് ഇരിക്കുന്ന ഏജന്റുമാർക്കു പി.പി.ഇ. കിറ്റുകൾ നൽകും. കൗണ്ടിങ് കേന്ദ്രത്തിനുള്ളിൽ മൊബൈൽ ഫോൺ, ഐപാഡ്, ലാപ്‌ടോപ്പ് തുടങ്ങി യാതൊരു ഇലക്ട്രോണിക് ഉപകരണവും പ്രവേശിപ്പിക്കാൻ അനുവദിക്കില്ല.
വോട്ടെണ്ണൽ ക്രമീകരണങ്ങൾ സംബന്ധിച്ച് ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ജില്ലാ കളക്ടർ ഇന്നലെ (29 ഏപ്രിൽ) ചർച്ച നടത്തി. എല്ലാ ക്രമീകരണങ്ങളോടും പൂർണമായി സഹകരിക്കുമെന്ന് കക്ഷിനേതാക്കൾ കളക്ടർക്ക് ഉറപ്പുനൽകി.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.