‘പ്രാർത്ഥിക്കുക, അവിടെ എന്താ അവസ്ഥയെന്നറിയില്ല’; അശ്വതിയുടെ അവസാന വിഡിയോ

2021-04-30 13:51:49

ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി യാത്രായായെങ്കിലും അവൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചിരിതൂകി നിൽപ്പുണ്ട്. കൊവിഡ്19 ബാധിച്ച് മരണപ്പെട്ട ആരോഗ്യപ്രവർത്തക വയനാട് സ്വദേശി അശ്വതിയുടെ അവസാന വിഡിയോയാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. നെഞ്ചിൽ ഒരു പിടച്ചലോടെയല്ലാതെ ആർക്കും ആ വീഡിയോ കാണാനാകില്ല.

വയനാടിനേയും കേരളത്തിലെ ആരോഗ്യ പ്രവർത്തകരേയും ആശങ്കയിലാക്കിയായിരുന്നു അശ്വതിയുടെ മരണം. മേപ്പാടി റിപ്പൺ വാളത്തൂർ കണ്ണാടികുഴിയിൽ പി.കെ. ഉണ്ണികൃഷ്‌ണന്റെയും ബിന്ദുവിന്റെയും മകളാണ് അശ്വതി. 25 കാരിയായ അശ്വതി രണ്ട് ഡോസ് കോവിഡ് വാക്സിനും ഒന്നരമാസം മുമ്പ് സ്വീകരിച്ചിരുന്നു.സുൽത്താൻ ബത്തേരിയിലെ പബ്ലിക് ഹെൽത്ത് ലാബിൽ ടെക്നീഷ്യയായി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്ന അശ്വതി ബത്തേരിയിലെ താലൂക്കാശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ആരോഗ്യനില അതീവഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

ഇപ്പോൾ സൈബറിടത്ത് അവൾ വീണ്ടും നിറയുകയാണ്. ആശുപത്രിയിലേക്ക് പോകുന്നതിന് മുമ്പ് അശ്വതിയുടെ സുഹൃത്തുക്കളിലൊരാൾ പകർത്തിയതായിരുന്നു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ‘അപ്പോ പ്രാർത്ഥിക്കുക, അവിടെ പോയിട്ട് എന്താ അവസ്ഥാ എന്നൊക്കെ നോക്കട്ടെ. അറിയത്തില്ല’ എന്നാണ് അശ്വതി വീഡിയോയിൽ പറയുന്നത്. സൗമ്യമായി ചുറുചുറുക്കോടെ നിൽക്കുന്ന അശ്വതിയെയാണ് ആ വിഡിയോയിൽ കാണാൻ സാധിക്കുന്നത്.അതേസമയം വയനാട്ടില്‍ ആവശ്യത്തിന് ആംബുലന്‍സ് സേവനമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജിലെത്താന്‍ വൈകിയതാണ് അശ്വതിയുടെ മരണത്തിന് കാരണമെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.