കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രിയിലേക്കു റഫർ ചെയ്യുന്നവർ രേഖകൾ കരുതണം

2021-05-06 14:20:38

തിരുവനന്തപുരം: കോവിഡ് ചികിത്സയുടെ ഭാഗമായി പി.എച്ച്.സികൾ, സി.എച്ച്.സികൾ, മറ്റു സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽനിന്നു സ്വകാര്യ ആശുപത്രികളിലെ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കു (സി.എസ്.എൽ.ടി.സി.) റഫർ ചെയ്യുന്നവർ ചികിത്സാ ആനുകൂല്യം ലഭിക്കുന്നതിനായി അക്കാര്യം ആശുപത്രി അധികൃതരെ മുൻകൂട്ടി ധരിപ്പിക്കണെന്നും റഫർ ചെയ്തതിന്റെ രേഖകൾ നിർബന്ധമായും കൈവശം സൂക്ഷിക്കണമെന്നും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴിലുള്ള ആശുപത്രികളിലാകും ആനുകൂല്യം ലഭിക്കുക. സർക്കാർ ആശുപത്രിയിൽനിന്നു റഫർ ചെയ്തതാണെന്ന വിവരം അറിയിക്കാത്തതിനെത്തുടർന്നു ചികിത്സാ ആനുകൂല്യങ്ങൾ നഷ്ടമാകുന്നെന്ന പരാതികളെത്തുടർന്നാണു കളക്ടറുടെ നിർദേശം. റഫർ ചെയ്യുന്നവർക്ക് ചികിത്സ സൗജന്യമായിരിക്കും. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി രോഗിയുടെ ചികിത്സാ ചെലവ് സർക്കാർ അതത് ആശുപത്രികൾക്കു നൽകും.
കാസ്പ് ഗുണഭോക്താക്കളായ ആയുഷ്മാൻ ഭാരത് കാർഡ് ഉള്ളവർക്ക് ഈ ആശുപത്രികളിൽ നേരിട്ടെത്തി കോവിഡ് ചികിത്സ തേടാവുന്നതാണെന്നും കളക്ടർ അറിയിച്ചു. കാസ്പ് പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളുടെ വിവരങ്ങൾ sha.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ജില്ലയിൽ നിലവിൽ 19 ആശുപത്രികൾ കാസ്പ് പദ്ധതിക്കു കീഴിലുണ്ട്. കൂടുതൽ ആശുപത്രികളെ പദ്ധതിക്കു കീഴിൽ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.