ജനങ്ങളുടെ അശ്രദ്ധ:ആലപ്പുഴയിൽ കോവിഡ് വ്യാപനം രൂക്ഷം

2021-05-07 14:18:21

ആലപ്പുഴ : ജില്ലയിലെ കൊവിഡ് കണക്കുകൾ സൂചിപ്പിക്കുന്നത് രോഗവ്യാപനത്തിന്റെ തീവ്രത മാത്രമല്ല, ജനങ്ങളുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ കൂടിയാണ്. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പോലീസും മറ്റ് വകുപ്പുകളും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാൻ വേണ്ടി അക്ഷീണം പരിശ്രമിക്കുമ്പോൾ ജനങ്ങളുടെ ഭാഗത്തുനിന്ന് വേണ്ടത്ര ജാഗ്രത ഉണ്ടാകാത്തതാണ് കോവിഡ് വ്യാപനം രൂക്ഷമാക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജില്ലയിൽ ഇതുവരെ ഏഴ് പഞ്ചായത്തുകളാണ് അതിതീവ്ര കോവിഡ് വ്യാപനം കാരണം മുഴുവനായി കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചത് . പെരുമ്പളം, ചേന്നം പള്ളിപ്പുറം, ആര്യാട്, കരുവാറ്റ, ചെറുതന, പട്ടണക്കാട്, എഴുപുന്ന എന്നിവയാണ് പൂർണമായും കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച ജില്ലയിലാകെ 32,439 പേരായിരുന്നു ക്വാറന്റൈനിൽ ഇരുന്നത്. ഇന്നലത്തെ (മെയ്‌ 6) കണക്ക് പ്രകാരം അത് 44,916 പേരായി ഉയർന്നു. ഏപ്രിൽ 30 ന് 15,833പേരായിരുന്നു ജില്ലയിൽ ആകെ ചികിത്സയിൽ ഉണ്ടായിരുന്നതെങ്കിൽ ഒരാഴ്ച്ച പിന്നിട്ട്, ഇന്നലെയത് (ഏപ്രിൽ 6) 23,833 പേർ ആയി ഉയർന്നു. ജില്ലയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇന്നലെ ആദ്യമായി മൂവായിരവും കടന്നു. ജില്ലയിൽ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കും ഉയർന്ന നിലയിൽ തുടരുകയാണ്. 29.43 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 150 ലേറെ കേസുകളാണ് ഈ മാസം ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലും പ്രതിദിനം ആയിരത്തിലേറെ പേർക്ക് മാസ്ക് ധരിക്കാത്തതിന് മാത്രം പോലീസ് പിഴ ചുമത്തുന്നുണ്ട്. വളരെയധികം ആളുകളാണ് മനഃപൂർവം കോവിഡ് വ്യാപനം അതിരൂക്ഷമായ സ്ഥലങ്ങളിലും പോലീസിന്റെ ശ്രദ്ധയിൽ പെടാതെ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ളത്. ഇന്നലെ (ഏപ്രിൽ 6) മാത്രം 1135 പേർക്കാണ് മാസ്ക് ധരിക്കാത്തതിന് പോലീസ് പിഴ ചുമത്തിയത്. സാമൂഹിക അകലം പാലിക്കാത്തതിന് ജില്ലയിൽ ഇന്നലെ 687 പേർക്കും പിഴ ചുമത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജനങ്ങളിൽ ഒരു വിഭാഗം വരുത്തുന്ന അലംഭാവം കോവിഡ് പ്രതിരോധത്തിനായി അധ്വാനിക്കുന്ന ആരോഗ്യപ്രവർത്തകർ, പോലീസ്, എന്നിവരുടെ പ്രയത്നത്തിനും വെല്ലുവിളി ഉയർത്തുകയാണ്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.