കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഇടവെട്ടിയിലും ആലക്കോടും ഡൊമിസിലറി കെയര്‍ സെന്ററുകള്‍ തുറന്നു

2021-05-07 14:55:06

ഇടുക്കി: ദിവസേന കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് ഇടവെട്ടി, ആലക്കോട് എന്നീ പഞ്ചായത്തുകളില്‍ ഡൊമിസിലറി കോവിഡ് കെയര്‍ സെന്ററുകള്‍ (ഡിസിസി) തുറന്നു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പഞ്ചായത്തിലും ഡിസിസി തുറക്കുന്നതിനാവശ്യമായ കെട്ടിടങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പ്രത്യക്ഷ രോഗലക്ഷണങ്ങളും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാത്തതും വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതുമായ രോഗികളെയാണ് ഡൊമിസിലറി കെയര്‍ സെന്ററുകളിലേക്ക് മാറ്റുക.

ഇടവെട്ടിയില്‍ നിലിവില്‍ 332 രോഗികള്‍, ഇതുവരെ 6 മരണം; 13 ല്‍ 11 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ജനസാന്ദ്രത ഏറിയതും വിസ്തീര്‍ണ്ണം കുറഞ്ഞതുമായ ഇടവെട്ടി പഞ്ചായത്തില്‍ നിലവില്‍ 332 രോഗികളാണുള്ളത്. കോവിഡ് രോഗം ബാധിച്ച് ഇതുവരെ ഇടവെട്ടിയില്‍ 6 പേരാണ് മരിച്ചത്. രോഗ പകര്‍ച്ച നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആകെയുള്ള 13 വാര്‍ഡില്‍ 11 വാര്‍ഡ് നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിരിക്കുകയാണ്. രോഗനിയന്ത്രണത്തിന്റെ ഭാഗമായാണ് ഇടവെട്ടിയില്‍ ഡൊമിസിലറി കോവിഡ് കെയര്‍ സെന്ററുകള്‍ (ഡിസിസി) തുറക്കാന്‍ തീരുമാനിച്ചത്. കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂള്‍ കെട്ടിടത്തിലാണ് ഡിസിസി പ്രവര്‍ത്തിക്കുക. ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ചതായി പ്രസിഡന്റ് ഷീജാ നൗഷാദ് പറഞ്ഞു. 60 ബെഡാണ് രോഗികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം മുറികളുണ്ടാവും. 10 ബെഡുകളടങ്ങിയ വിവിധ മുറികളാണ് രോഗികള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. മുറികളില്‍ ലൈറ്റ്, ഫാന്‍ ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശുചിമുറികളുമിവിടെയുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ ഡിസിസിയിലേക്ക് എത്തിക്കുന്നതിന് പ്രത്യേകം വാഹനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ പ്രവേശിപ്പിക്കുന്നവര്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാവും ഭക്ഷണം എത്തിച്ച് നല്‍കുക. പരിശീലനം നല്‍കിയ വോളന്റിയര്‍മാരുടെ സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിലാവും ഇവരുടെ ജോലി. ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള നിരീക്ഷണവും ഡിസിസി യില്‍ ലഭ്യമാകും. അടിയന്തിര സാഹചര്യമുണ്ടായാല്‍ രോഗികളെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെത്തിക്കുന്നതിനുള്ള സംവീധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസിസി തുടങ്ങുന്നതിന് മുന്നോടിയായി പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലിക്കാരുടെ നേതൃത്വത്തില്‍ ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തിങ്കളാഴ്ച മുതല്‍ ഇവിടേക്ക് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. കഴിഞ്ഞ വര്‍ഷം സിഎഫ്എല്‍റ്റിസി തുടങ്ങുന്നതിനായി സജ്ജീകരിച്ച കെട്ടിടമാണിത്. ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്ന പക്ഷം സിഎഫ്എല്‍റ്റിസി ക്കായി ഇത് വിട്ടുനല്‍കുമെന്നും പ്രസിഡന്റ് ഷീജാ നൗഷാദ് പറഞ്ഞു.

ആലക്കോട് പഞ്ചായത്തില്‍ രോഗികള്‍ 113; 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ആലക്കോട് പഞ്ചായത്തില്‍ നിലവില്‍ 113 രോഗികളാണുള്ളത്. ഇവിടെ ഡിസിസി തുടങ്ങുന്നതിനായി മൂന്ന് കെട്ടിടങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. പുരുഷന്‍മാര്‍ക്കായി അഞ്ചിരി സെന്റ്. മാര്‍ട്ടിന്‍ ഡി പോള്‍സ് ചര്‍ച്ച് പാരിഷ് ഹാള്‍, സ്ത്രീകള്‍ക്കായി പഞ്ചായത്ത് ഓഫീസിന് സമീപത്ത് തന്നെ രണ്ട് വീടുകള്‍ എന്നിവയാണ് നിലവില്‍ ഏറ്റെടുത്തിരിക്കുന്നത്. 50 പുരുഷന്‍മാരെയും 20 സ്ത്രീകളെയും ഇവിടെ പ്രവേശിപ്പിക്കുന്നതിനുള്ള സജ്ജീകരണമാണ് ഏര്‍പ്പെടുത്തുക. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി പറഞ്ഞു. നിലവില്‍ ഇഞ്ചിയാനി ഗവ. എല്‍പി സ്‌കൂളില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ ഡിസിസി യില്‍ അഞ്ച് രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. പുതിയ കേന്ദ്രം സജ്ജീകരിക്കുന്നതോടെ ഇവരെ അവിടേക്ക് മാറ്റും. ആലക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണവും ഡിസിസി യിലേക്ക് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് മിനി ജെറി അറിയിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.