പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചടങ്ങിൽ 500 പേർ

2021-05-17 22:28:19

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന്

 പൊതു വാർത്തകൾ  May 17, 2021

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇരുപതാം തീയതി വ്യാഴാഴ്ച പകൽ മൂന്നര മണിക്ക് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കുന്ന പൊതുവേദിയിൽ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുക.
അമ്പതിനായിരത്തിലേറെ പേർക്ക് ഇരിക്കാവുന്ന ഇടമാണ് സെൻട്രൽ സ്റ്റേഡിയം. എന്നാൽ, ഇതിന്റെ നൂറിലൊന്നുപേരുടെ മാത്രം, അതായത് ഏകദേശം അഞ്ഞൂറുപേരുടെ മാത്രം സാന്നിധ്യത്തിലാണ് ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. അഞ്ഞൂറുപേർ എന്നത്, ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല. 140 നിയമസഭാ സാമാജികരുണ്ട്. 29 എംപിമാരുണ്ട്. പാർലമെൻററി പാർടി യോഗമാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത് ആരൊക്കെയെന്ന് നിശ്ചയിക്കുന്നത്.
പാർലമെൻററി പാർടി അംഗങ്ങളായ എംഎൽഎമാരെ ഒഴിവാക്കുന്നത് ജനാധിപത്യത്തിൽ ഉചിതമല്ല.
ജനാധിപത്യ വ്യവസ്ഥയുടെ അടിത്തൂണുകളാണ് ലെജിസ്ലേച്ചർ, എക്സിക്യൂട്ട്, ജുഡീഷ്യറി എന്നിവ. ജനാധിപത്യത്തെ മാനിക്കുന്ന ഒരാൾക്കും ഇവ മൂന്നിനെയും ഒഴിവാക്കാനാവില്ല. ഈ സാഹചര്യത്തിലാണ് ന്യായാധിപൻമാരെയും അനിവാര്യരായ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുള്ളത്.ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമരംഗത്തെയും ഒഴിവാക്കാനാവില്ല. ഇതും ക്രമീകരിക്കും. തങ്ങൾ തെരഞ്ഞെടുത്തയച്ചവർ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനും അറിയാനും ജനങ്ങൾക്കുള്ള അവകാശങ്ങൾ സഫലമാകുന്നത് മാധ്യമപ്രവർത്തകർ വഴിയാണ്.
ഭരണഘടനാ പദവി വഹിക്കുന്നവർ, പ്രോട്ടോകോൾ പ്രകാരം അനിവാര്യമായവർ, സമൂഹത്തിലെ വിവിധ ധാരകളുടെ പ്രതിനിധികൾ തുടങ്ങി നിർബന്ധമായും പങ്കെടുക്കേണ്ടവർ മാത്രമാണ് ഉണ്ടാവുക.
കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക്, ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് 2.45ന് മുമ്പായി സ്റ്റേഡിയത്തിൽ എത്തിച്ചേരേണ്ടതും 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർടിപിസിആർ, ട്രൂനാറ്റ്, ആർടി ലാമ്പ് നെഗറ്റീവ് റിസൾട്ടോ, ആൻറിജൻ നെഗറ്റീവ്/ രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ കൈവശം വെക്കേണ്ടതുണ്ട്. നിയുക്ത എൽഎൽഎമാർക്ക് ആർടിപിസിആർ ടെസ്റ്റിനുള്ള സൗകര്യം എംഎൽഎ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്സ് ഒന്നിലും എർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്സ് 1, പ്രസ്സ് ക്ലബ് എന്നിവയ്ക്കു എതിർവശത്തുള്ള ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം.
ക്ഷണക്കത്തിനോടൊപ്പം ഗേറ്റ്പാസും വെച്ചിട്ടുണ്ട്. കാർ പാർക്കിങ് സൗകര്യം സെക്രട്ടറിയേറ്റ് മെയിൻ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്സ് 2, കേരള യൂണിവേഴ്സിറ്റി കാമ്പസ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർ ചടങ്ങിൽ ഉടനീളം നിർബന്ധമായും ഡബിൾ മാസ്‌ക് ധരിക്കേണ്ടതും കോവിഡ് 19 പ്രോട്ടോകോൾ കർശനമായി പാലിക്കണം. പ്രത്യേക കാർ പാസുള്ളവർക്ക് മറ്റു പാസുകൾ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.