ജപ്തി നടപടികളിൽ നിന്ന് പരിരക്ഷ നിയമനിർമാണം നടത്തും

2021-05-21 10:39:38

ജപ്തി നടപടികളിൽ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ നിയമനിർമാണം നടത്തും

 തിരുവനന്തപുരം

*പുതിയ തീരുമാനങ്ങളുമായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം
ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ ശക്തമായ നിയമനിർമാണം നടത്തുന്നതിന് ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, വിദഗ്ധ അഭിഭാഷകൻ എന്നിവരടങ്ങുന്ന സമിതി ഇതുസംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് ജൂലൈ 15നകം റിപ്പോർട്ട് നൽകും. ഇത് പരിശോധിച്ചാകും തുടർനടപടികൾ.
20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകാനുള്ള മാർഗരേഖ കെ-ഡിസ്‌ക് തയ്യാറാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ജൂലൈ 15നകം റിപ്പോർട്ട് നൽകാൻ കെ ഡിസ്‌കിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ഗാർഹിക ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് സഹായമെത്തിക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിരുന്നു. ഒപ്പം ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാൻ സ്മാർട്ട് കിച്ചൻ പദ്ധതി നടപ്പാക്കുമെന്നും പറഞ്ഞിരുന്നു. വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്ന, വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്ന പദ്ധതിക്ക് രൂപം നൽകാൻ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.
അതി ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കാൻ പര്യാപ്തമായ സുപ്രധാനമായ തീരുമാനവും മന്ത്രിസഭാ യോഗം കൈക്കൊണ്ടു. ഇതുസംബന്ധിച്ച് വിശദമായ സർവെ നടത്താനും ക്ലേശഘടകങ്ങൾ നിർണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും തദ്ദേശഭരണ വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
സർക്കാർ സേവനങ്ങൾ ഓൺലൈനായി വീട്ടുപടിക്കലെത്തുന്ന ബൃഹത്തായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കും. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ പദ്ധതി നിലവിൽ വരും. ഐടി സെക്രട്ടറി, ഐടി വിദഗ്ധർ എന്നിവരടങ്ങിയ സമിതി പദ്ധതിക്ക് അന്തിമരൂപം നൽകും. ഇ-ഓഫീസ്, ഇ-ഫയൽ സംവിധാനങ്ങൾ കൂടുതൽ വിപുലമായി നടപ്പാക്കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിശ്ചയിച്ചു.
വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികൾ അറിയിക്കാൻ വ്യത്യസ്തങ്ങളായ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം നിലവിലുണ്ട്. അത് ഒഴിവാക്കാൻ പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രിവൻസ് റിഡ്രസ്സൽ കമ്മിറ്റി നിയമപരമായി പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിർമാണം നടത്തും. ഈ നിയമത്തിന്റെ കരട് പരിശോധിക്കാൻ ഉദ്യോഗസ്ഥത തല സമിതിയെ ചുമതലപ്പെടുത്തി.
15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളിൽ വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പ്രോടേം സ്പീക്കറായി കുന്നമംഗലത്തുനിന്നുള്ള അംഗം അഡ്വ. പി ടി എ റഹീമിനെ നിയോഗിക്കാനുള്ള ശുപാർശ നൽകാനും തീരുമാനിച്ചു.
അഡ്വക്കറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അഡ്വ. ടി എ ഷാജിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസായി നിയമിക്കാനും തീരുമാനിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് ഉപാധ്യക്ഷനായി വി കെ രാമചന്ദ്രനെ നിയമിച്ചു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.