പിണറായി വിജയന്റെ മുഖ്യമന്ത്രി ആയി രണ്ടാമത് മന്ത്രി സഭ അധികാരത്തിൽ

2021-05-21 10:52:55

പിണറായി വിജയന്റെ നേതൃത്വത്തിൽ രണ്ടാമത് മന്ത്രിസഭ അധികാരമേറ്റു

തിരുവനന്തപുരം
ചരിത്രപ്രതിജ്ഞയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ രണ്ടാമൂഴത്തിന് തുടക്കം. മുഖ്യമന്ത്രിയും 20 മന്ത്രിമാരുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്.
കോവിഡ് പശ്ചാത്തലത്തിൽ കൃത്യമായ മുന്നൊരുക്കങ്ങളോടെ ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം പങ്കെടുപ്പിച്ചാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക പന്തലിൽ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്.
വൈകിട്ട് മൂന്നോടെ നിയുക്ത മന്ത്രിമാർ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലിയുടെ പ്രത്യേക സംഗീത വീഡിയോ ചടങ്ങുകൾക്ക് മുമ്പ് വേദിയിൽ പ്രദർശിപ്പിച്ചു.
3.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വേദിയിലെത്തി. ദേശീയഗാനത്തിന് ശേഷം ചീഫ് സെക്രട്ടറി ഡോ: വി.പി ജോയ് സത്യപ്രതിജ്ഞയ്ക്ക് ഗവർണറുടെ അനുമതി തേടി. തുടർന്ന്, പിണറായി വിജയനെ സത്യപ്രതിജ്ഞയ്ക്കായി ചീഫ് സെക്രട്ടറി ക്ഷണിച്ചു. സദസ്സിനിടയിലേക്ക് ചെന്ന് അതിഥികളെ അഭിവാദ്യം ചെയ്തശേഷം വേദിയിലേക്ക് കയറിയ അദ്ദേഹം 3.33ന് ഗവർണർ മുമ്പാകെ സഗൗരവം സത്യവാചകം ചൊല്ലി. തുടർന്ന് രജിസ്റ്ററിൽ ഒപ്പുവച്ചശേഷം മുഖ്യമന്ത്രിയെ ഗവർണർ ബൊക്കെ നൽകി അഭിനന്ദിച്ചു.
പിന്നാലെ, എൽഡിഎഫ് ഘടകകക്ഷികളെ പ്രതിനിധാനംചെയ്ത് കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, അഡ്വ: ആൻറണി രാജു എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി. അതിനുശേഷം ബാക്കി നിയുക്തമന്ത്രിമാരെ അക്ഷരമാല ക്രമത്തിൽ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു. വി. അബ്ദുറഹ്‌മാൻ, അഡ്വ. ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, പ്രൊഫ: ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദൻ മാസ്റ്റർ, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണൻ, പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ് എന്നിവർ യഥാക്രമം സത്യപ്രതിജ്ഞ ചെയ്തു.
സത്യവാചകം ചൊല്ലിയശേഷം എല്ലാ മന്ത്രിമാരെയും ഗവർണർ പൂച്ചെണ്ട് നൽകി അനുമോദിച്ചു. റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ആൻറണി രാജു, വി. അബ്്ദുറഹ്‌മാൻ, വീണാ ജോർജ് എന്നിവർ ദൈവനാമത്തിലും അഹ്‌മദ് ദേവർകോവിൽ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തപ്പോൾ മുഖ്യമന്ത്രിയുൾപ്പെടെ ബാക്കി മന്ത്രിമാർ സഗൗരവ പ്രതിജ്ഞയാണെടുത്തത്.
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്കു പുറമേ പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും വേദിയിലുണ്ടായിരുന്നു. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, ഉദ്യോഗസ്ഥ മേഖലകളിലെ ക്ഷണിക്കപ്പെട്ട പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.
വൈകിട്ട് 4.50 ഓടെ സത്യപ്രതിജ്ഞയുടെ ഔദ്യോഗിക ചടങ്ങുകൾ പൂർത്തിയായി. ദേശീയഗാനം ആലപിച്ച് ചടങ്ങ് അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും ഗവർണർ ചായ സൽക്കാരത്തിന് രാജ്ഭവനിലേക്ക് ക്ഷണിച്ചു. രാജ്ഭവനിലെ ഗവർണറുടെ ആതിഥ്യം സ്വീകരിച്ചശേഷം മന്ത്രിമാർ സെക്രട്ടേറിയറ്റിലെത്തി വൈകിട്ട് ആറിനുശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.