കാലവർഷം ആൻഡമാനിൽ എത്തി; ബംഗാൾ ഉൾക്കടലിൽ 22 ഓടെ ന്യൂനമർദ്ദം രൂപപ്പെട്ടേക്കാം

2021-05-23 14:26:41

    കാലവർഷം ആൻഡമാനിൽ എത്തി; ബംഗാൾ ഉൾക്കടലിൽ മെയ് 22-ഓടു കൂടി ന്യൂനമർദം രൂപപ്പെടാൻ സാധ്യത

തെക്കു പടിഞ്ഞാറൻ കാലവർഷം തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള നിക്കോബാർ ദ്വീപുകളിലും ഇന്ന് (21 മെയ് 2021) എത്തി ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലേക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കും എത്തിച്ചേരാൻ സാധ്യതയുണ്ട്.

ചക്രവാതചുഴി സമുദ്ര നിരപ്പിൽ നിന്ന് 3.1 കി.മീ – 5.8 കി.മീ ഉയരത്തിൽ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വ്യാപിച്ചുകിടക്കുന്നു. അതിന്റെ സ്വാധീനത്താൽ, 2021 മെയ് 22 ന് മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിലും വടക്കൻ ആൻഡമാൻ കടലിനോടു ചേർന്നും ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ ന്യൂനമർദ്ദം വടക്കു പടിഞ്ഞാറ് സഞ്ചരിച്ചു ശക്തിപ്രാപിച്ചു മെയ് 24-ഓടു കൂടി ചുഴലിക്കാറ്റായി മാറാനും തുടർന്ന് വടക്കു പടിഞ്ഞാറ് സഞ്ചരിച്ച് തീവ്രതയേറി ഒഡിഷ – വെസ്റ്റ് ബംഗാൾ തീരത്തു മെയ് 26 നു രാവിലെ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻെറ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മെയ് 21 മുതൽ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ മെയ് 23 ഓടുകൂടെ തീരത്തെത്തുവാൻ നിർദേശം നൽകണം.

ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. കേരളത്തിൽ മെയ് 25 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ (Weather) ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ വരും മണിക്കൂറുകളിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ന്യൂനമർദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.