പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തും – മന്ത്രി ജി.ആർ. അനിൽ

2021-05-23 14:53:30

    അഭിപ്രായം സ്വരൂപിക്കാൻ ലൈവ്-ഫോൺ-ഇൻ പരിപാടി ചൊവ്വാഴ്ച മുതൽ
പൊതുവിതരണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇതിനായി ജനങ്ങളുമായി ആശയവിനിമയം നടത്തി നിർദ്ദേശങ്ങൾ സമാഹരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കോവിഡ് കാലമായതിനാൽ അഭിപ്രായം സ്വരൂപിക്കാൻ ലൈവ്-ഫോൺ-ഇൻ പരിപാടി ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഉച്ചയ്ക്ക് രണ്ടുമണിമുതൽ മൂന്നുമണി വരെ നടത്തും. ഇതിനുള്ള ഫോൺനമ്പറും വിശദാംശങ്ങളും പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുന്നോടിയായി പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും സംബന്ധിച്ച് മാധ്യമപ്രവർത്തകരുമായി മന്ത്രി ആശയവിനിമയം നടത്തി.
ഭക്ഷ്യ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും നിലവിലെ പോരായ്മകളും പരാതികളും മന്ത്രിയെ നേരിട്ടറിയിക്കാം.
ഇതിനുപുറമേ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ 1967 എന്ന ടോൾ ഫ്രീ നമ്പരും pg.civilsupplieskerala.gov.in എന്ന പോർട്ടലും ഇപ്പോൾത്തന്നെ നിലവിലുണ്ട്.
18 മുതൽ 45 വരെ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ നൽകുന്നതിൽ മുന്നണിപ്രവർത്തകർ എന്ന നിലയിൽ റേഷൻ ജീവനക്കാരെയും ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എഫ്.സി.ഐ ഗോഡൗൺ തൊഴിലാളികളെയും ഇപ്പോൾ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുവിതരണ ശൃംഖലയിലുള്ള മറ്റുള്ളവരെ കൂടി വാക്‌സിനേഷൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗത്തിൽ പെടുത്തുന്ന കാര്യം സജീവപരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
റേഷൻ വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുള്ളതിനാൽ ഇത്തരക്കാരെ ഇൻഷുറൻസ് പരിഗണനയിൽ കൊണ്ടുവരുന്നത് ആലോചനയിലുണ്ട്.
പുതിയ റേഷൻ കാർഡുകൾ പരമാവധി വേഗത്തിൽ നൽകാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. 8000 ഓളം പുതിയ കാർഡുകൾ നൽകിയിട്ടുണ്ട്. സാങ്കേതികപ്രശ്‌നങ്ങളുള്ള അപേക്ഷകളാണ് ഇനിയുള്ളവയിൽ പലതും. ഓൺലൈനായി റേഷൻ കാർഡിന് അപേക്ഷ നൽകുന്നതിനൊപ്പം കാർഡും ഓൺലൈനായി ഡൗൺലോഡ് ചെയ്യാനാകും.
കോവിഡ് കാലത്ത് സിവിൽ സപ്ലൈസ് കോർപറേഷന്റെ ഓൺലൈൻ ഡെലിവറി സംവിധാനം നിലവിൽ 107 സ്ഥലങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്നത്. ഇത്് വ്യാപിപ്പിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
  
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.