ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കാൻ നടപടി

2021-06-10 19:17:33

തിരുവനന്തപുരത്തെ തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഡോ. എസ്. ചിത്രയെ വാക്സിൻ നിർമ്മാണ പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കും. ഡോ. കെ.പി. സുധീർ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി) ചെയർമാനും ഡോ. ബി. ഇക്ബാൽ (സ്റ്റേറ്റ് ലെവൽ എക്സ്പേർട്ട് കമ്മിറ്റി കോവിഡ് മാനേജ്മെന്റ്), ഡോ. വിജയകുമാർ (വാക്സിൻ വിദഗ്ദ്ധൻ, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജൻ ഖോബ്രഗഡെ(പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടർ കെ.എസ്.ഐ.ഡി.സി) എന്നിവർ മെമ്പർമാരായി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. പ്രമുഖ കമ്പനികളുമായി ചർച്ചകൾ ആരംഭിക്കുന്നതിനും പെട്ടെന്നു തന്നെ വാക്സിൻ ഉൽപ്പാദനം സാധ്യമാക്കുന്നതിനും വർക്കിംഗ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തി.

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അഡീഷണൽ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായി അഡ്വ. ഗ്രേഷ്യസ് കുര്യാക്കോസിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

സ്റ്റേറ്റ് അറ്റോർണിയായി അഡ്വ. എൻ. മനോജ് കുമാറിനെ നിയമിക്കും.

ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡറായി സേവനമനുഷ്ഠിക്കുന്ന പി. നാരായണനെ അധിക സാമ്പത്തിക ബാധ്യത കൂടാതെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ തീരുമാനിച്ചു.

അഡീഷണൽ അഡ്വക്കേറ്റ് ജനറൽമാരായി അഡ്വ. അശോക് എം. ചെറിയാൻ, അഡ്വ. കെ.പി. ജയചന്ദ്രൻ എന്നിവരെ നിയമിക്കും.

കാസർകോഡ്, കിനാനൂർ കരിന്തളം സർക്കാർ കോളേജിന്റെ കെട്ടിടനിർമ്മാണം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകാൻ തീരുമാനിച്ചു.

റീബിൽഡ് കേരള ഇനീഷ്യേറ്റീവിന് കീഴിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾ മന്ത്രിസഭ അംഗീകരിച്ചു. ചേർത്തല മുനിസിപ്പാലിറ്റിയിൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി 5.25 കോടി രൂപ ചെലവിൽ നടപ്പാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.

കുട്ടനാട്ടിലെ വൈദ്യുത പ്രസരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുക്കാൻ തീരുമാനിച്ച പദ്ധതിയുടെ ചെലവ് 42.60 കോടിരൂപയിൽ നിന്ന് 53.55 കോടിരൂപയായി പുതുക്കുന്നതിനും അംഗീകാരം നൽകി.

ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ് ലിമിറ്റഡ് (OKIHL) കമ്പനിയെ 100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാക്കി മാറ്റുവാൻ തീരുമാനിച്ചു.

സംസ്ഥാനത്തെ 27 താൽക്കാലിക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മിജിസ്ട്രേറ്റ് കോടതികളെ സ്ഥിരം കോടതികളാക്കാൻ തീരുമാനിച്ചു. ഓരോ കോടതിയ്ക്കും 10 തസ്തികകൾ അനുവദിക്കും.

തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് അനുവാദം നൽകി. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയിൽ നിന്നും ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.