സെക്രട്ടേറിയറ്റ് വളപ്പിൽ അഞ്ചുവർഷം മുമ്പ് നട്ട തെങ്ങ് കുലച്ചത് കാണാൻ മുഖ്യമന്ത്രിയെത്തി

2021-06-11 19:27:24

ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങ് നിറഞ്ഞ കായ്ഫലമോടെ നിൽക്കുന്നത് കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച ‘കേരശ്രീ’ ഇനത്തിൽപ്പെട്ട തെങ്ങാണ് ഇപ്പോൾ 18 കുല തേങ്ങയുമായ് നിറവോടെ സെക്രട്ടേറിയറ്റ് ഗാർഡനിൽ നിൽക്കുന്നത്.

2016 സെപ്റ്റംബർ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗാർഡനിൽ തെങ്ങിന്റെ തൈ നട്ടത്. അന്നത്തെ കൃഷിമന്ത്രി വി.എസ് സുനിൽകുമാറും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും ഒപ്പം തൈ നട്ടിരുന്നു.

ഇതിനുപുറമേ കഴിഞ്ഞ അഞ്ചുവർഷവും ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയും സെക്രട്ടേറിയറ്റ് ഗാർഡനിൽ തൈനട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തിൽ മുഖ്യമന്ത്രി ഫലവൃക്ഷത്തൈകളും നട്ടിരുന്നു. ഇത്തരത്തിൽ നട്ട കോട്ടൂർക്കോണം മാവും മികച്ച രീതിയിൽ വളർന്നുവരുന്നുണ്ട്.

വെള്ളിയാഴ്ച ഈ വർഷത്തെ ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കാൻ സെക്രട്ടേറിയറ്റ് ഗാർഡനിൽ എത്തിയപ്പോഴാണ് ആദ്യമായി ഇതേ ഗാർഡനിൽ നട്ട തെങ്ങ് കാണാനുള്ള കൗതുകത്തോടെ മുഖ്യമന്ത്രി ചെന്നത്. തെങ്ങ് വളർന്നതും 18 കുലയോളം തേങ്ങയുമായി നിൽക്കുന്നത് കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തിയാണ് അദ്ദേഹം മടങ്ങിയത്.

സെക്രട്ടേറിയറ്റ് ഗാർഡൻ സൂപ്പർവൈസർ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഗാർഡനിലെ മരങ്ങളും കൃഷിയും പരിപാലിക്കുന്നത്. എല്ലാ വർഷവും മികച്ച വിളവെടുപ്പാണ് പച്ചക്കറികൃഷിയിലൂടെ സെക്രട്ടേറിയറ്റ് ഗാർഡനിൽ ഉണ്ടാകാറുള്ളത്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.