കെ. എസ്. ആർ. ടി. സിയുടെ ആദ്യ എൽ.എൻ.ജി ബസ് സർവീസ് ആരംഭിച്ചു

2021-06-23 21:13:31

ഗതാഗതമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

കെ എസ് ആർ ടിസിയുടെ കേരളത്തിലെ ആദ്യ എൽ.എൻ.ജി ബസ് സർവീസ് ആരംഭിച്ചു. തമ്പാനൂർ കെ. എസ്. ആർ. ടി. സി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് നിർവഹിച്ചു.
അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതിന്റെയും ചെലവ് കുറച്ച് സർവീസ് നടത്തുന്നതിന്റെയും ഭാഗമായാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡിന്റെ സഹകരണത്തോടെ ഇത്തരത്തിലൊരു ബസ് സർവ്വീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.  മൂന്ന് മാസം  പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് നടത്തും. ലാഭകരമെങ്കിൽ ഉദ്യോഗസ്ഥരുടെ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ബസ്സുകൾ എൽ എൻ ജിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

ബസിൽ ഇന്ധനം നിറയ്ക്കുന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. അതിനാൽ ആലുവ, ഏറ്റുമാനൂർ, പാപ്പനംകോട്, വെള്ളറട എന്നിവിടങ്ങളിലെ സാധ്യത പരിശോധിക്കാൻ  പെട്രോനെറ്റിനോട് കെ എസ്  ആർ ടി സി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരീക്ഷണം വിജയിച്ചാൽ അടുത്ത ഒരു വർഷത്തിനുള്ളിൽ 400  ബസ്സുകൾ എൽ  എൻ ജി യിലേക്ക് മാറ്റാൻ  കഴിയും. ആയിരം ബസ്സുകൾ സി എൻ ജി യിലേക്കും മാറ്റാൻ  സർക്കാർ ഉദ്ദേശിക്കുന്നുണ്ട് . എൽ എൻ ജി ബസ്  മാതൃക സ്വീകരിക്കാൻ സ്വകാര്യ ബസുടമകൾ തയാറാവുകയാണെങ്കിൽ തുടക്കത്തിലുള്ള സാമ്പത്തിക ചെലവ് കണക്കിലെടുത്ത് ബസുടമകൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം ലഭ്യമാക്കുന്നത് ആലോചിക്കും. കെ എസ് ആർ ടി സി യെ സാമ്പത്തിക അച്ചടക്കത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കെ എസ് ആർ ടി സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡുമായുള്ള ധാരണാപത്രം ഒപ്പുവച്ചു.  പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡ് വൈസ് പ്രസിഡന്റ് യോഗാന്ദ റെഡ്ഡി മുഖ്യാതിഥിയായിരുന്നു. കെ എസ് ആർ ടി സി ദക്ഷിണമേഖലാ എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽ കുമാർ, വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.