പ്രവാസികളുടെ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും ചേർക്കും: മന്ത്രി വീണാ ജോർജ്

2021-06-24 15:11:47

* പ്രവാസികൾക്കുള്ള പുതുക്കിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നാളെ മുതൽ
വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും ചേർക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങൾ വാക്സിനെടുത്ത തീയതിയും വാക്സിന്റെ ബാച്ച് നമ്പരും ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സർട്ടിഫിക്കറ്റിൽ ഇവകൂടി ചേർക്കാൻ സർക്കാർ നിർദേശം നൽകിയത്. ഇതിനായുള്ള ഇ ഹെൽത്തിന്റെ പോർട്ടലിൽ അപ്ഡേഷൻ നടത്തിവരികയാണ്. അടുത്ത ദിവസം മുതൽ തന്നെ ബാച്ച് നമ്പരും തീയതിയും ചേർത്ത പുതിയ സർട്ടിഫിക്കറ്റ് ലഭിക്കും. നേരത്തെ സർട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവർക്ക് അവകൂടി ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
തീയതിയും ബാച്ച് നമ്പരും ആവശ്യമുള്ള നേരത്തെ സർട്ടിഫിക്കറ്റ് എടുത്തവർ സംസ്ഥാന സർക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോർട്ടലിൽ പ്രവേശിച്ച് ലഭിച്ച പഴയ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്തിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയതിയുമുള്ള കോവിൻ (COWIN) സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവർ അത് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. കോവിൻ പോർട്ടലിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ വാക്സിൻ എടുത്ത കേന്ദ്രത്തിൽ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. അപേക്ഷകൾ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരുമുള്ള പുതിയ സർട്ടിഫിക്കറ്റ് നൽകും. അപേക്ഷിച്ചവർക്ക് തന്നെ പിന്നീട് സർട്ടിഫിക്കറ്റ് ഈ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഇപ്പോൾ, വാക്സിൻ എടുത്ത് വിദേശത്ത് പോകുന്നവർക്ക് ഉടൻ തന്നെ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പോർട്ടലിൽ വരുത്തിയിട്ടുണ്ട്. വാക്‌സിൻ നൽകി കഴിയുമ്പോൾ വ്യക്തിയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, സർട്ടിഫിക്കറ്റ് നമ്പർ അടങ്ങിയ എസ്എംഎസ് ലഭിക്കും. ഉടൻ തന്നെ അവർക്ക് പോർട്ടലിൽ നിന്നും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ദിശ 1056, 104.  
പി.എൻ.എക്സ് 1931/2021    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.