സ്ത്രീധനം സാമൂഹ്യ വിപത്ത്: മുഖ്യമന്ത്രി

2021-06-24 15:26:05

തിരുവനന്തപുരം : സ്ത്രീധനമെന്നത് സാമൂഹ്യ വിപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചില മരണങ്ങള്‍ നമ്മെയാകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടാകുന്നത് നിസ്സാര കാര്യമല്ല. അത്തരം വിഷയങ്ങള്‍ ഗൗരവമായി കണ്ട് നേരിടുകയും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. ഇതില്‍ പഴുതടച്ച അന്വേഷണം നടത്തും.

രാജ്യത്ത് സ്ത്രീധനം നിരോധിച്ചിട്ട് ആറു പതിറ്റാണ്ടായെങ്കിലും പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹം. സ്വന്തം മക്കളെ വില്‍പ്പനച്ചരക്കാക്കരുത്. വിവാഹത്തെയും കുടുംബജീവിതത്തെയും വ്യാപാരക്കരാറായി തരംതാഴ്ത്തരുത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാണെന്ന ചിന്ത ആണ്‍കുട്ടികളിലുണ്ടാക്കരുത്. ഭര്‍ത്താവിന്റെ പീഡനം സഹിച്ച് കഴിയേണ്ടവളാണെന്ന ചിന്ത പെണ്‍കുട്ടികളിലും സൃഷ്ടിക്കരുത്. സ്ത്രീ പുരുഷ സമത്വത്തിന്റെ പുതിയ ചിന്തകള്‍ സമൂഹത്തിന് ആവശ്യമായ സമയമാണിത്. ഈ വിഷയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വനിതകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിന് ഡൊമസ്റ്റിക് കോണ്‍ഫഌക്റ്റ് റെസല്യൂഷന്‍ സെന്റര്‍ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ലാ പോലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദ്ദേശിക്കുന്ന പരിപാടിയാണിത്. ഈ  സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓണ്‍ലൈന്‍ എന്ന സംവിധാനം നിലവിലുണ്ട്.

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിന് ഇനി മുതല്‍ ഈ സംവിധാനം  ഉപയോഗിക്കാം. ഇത്തരം പരാതികളുളളവര്‍ക്ക്  aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയില്‍ അയയ്ക്കാം. പരാതി അറിയിക്കാനുള്ള മൊബൈല്‍ നമ്പര്‍ 9497996992 ജൂണ്‍ 23 മുതല്‍ നിലവില്‍ വരും. പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം. ഫോണ്‍ 9497900999, 9497900286.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്.ഐ അവരെ സഹായിക്കും. 9497999955 എന്ന നമ്പറില്‍ ജൂണ്‍ 23 മുതല്‍ പരാതികള്‍ അറിയിക്കാം.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.